തിരുവനന്തപുരം : മഴമിഴി മെഗാ സ്ട്രീമിങ്ങിൽ തിരിച്ചറിയപ്പെടാതെ പോകുന്ന കലാകാരൻമാർക്കായുള്ള പ്രത്യേക പരിപാടി ഉണരുമീ ഗാനത്തിനു തുടക്കമായി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വിനോദസഞ്ചാര വകുപ്പും സാംസ്‌കാരിക വകുപ്പും ചേർന്നുള്ള കൂടുതൽ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. ഭാരത് ഭവന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന മഴമിഴിയുടെ രണ്ടാംഘട്ട െപ്രാമോ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ഗാനാലാപനരംഗത്ത് 40 വർഷം പിന്നിടുന്ന ഗായകൻ ജി.വേണുഗോപാലിനെയും ഗായികയും നടിയുമായ സുബ്ബലക്ഷ്‌മിയെയും അഭിനേത്രിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി.എസ്.രാധാദേവിയെയും അന്തരിച്ച നടൻ സത്യന്റെ മകനും ഗായകനുമായ ജീവൻ സത്യനെയും ചടങ്ങിൽ ആദരിച്ചു.

കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഗാനമേള ട്രൂപ്പിന്റെ കോ-ഓർഡിനേറ്റർ ജി.വിനോദും അന്ധഗായിക മേരിസുമയും ശ്രീചിത്ര പുവർ ഹോമിലെ കുട്ടികളുടെ പ്രതിനിധിയായി ശുഭയും വേദിയിൽ ആദരവ് ഏറ്റുവാങ്ങി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷനായി. ഉണരുമീ ഗാനത്തിൽ അന്ധഗായക സംഘങ്ങൾ, തെരുവുഗായക സംഘങ്ങൾ, അനാഥാലയങ്ങളിൽനിന്നും വൃദ്ധസദനങ്ങളിൽനിന്നും ജയിലുകളിൽ നിന്നുമുള്ള ഗായകസംഘങ്ങൾ തുടങ്ങി ശ്രദ്ധിക്കപ്പെടാതെ പോകുന്ന കലാകാരന്മാരുടെ പ്രകടനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി, ഡോ. കെ. ഓമനക്കുട്ടി, വി.ടി.മുരളി, റോബിൻ സേവ്യർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.