തിരുവനന്തപുരം : അമ്മയിൽനിന്ന്‌ കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ ശിശുക്ഷേമസമിതി പ്രാഥമികവിവരങ്ങൾ പോലീസിനു കൈമാറി.

കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ ലഭിച്ചതു സംബന്ധിച്ച വിവരങ്ങളാണ് നൽകിയിട്ടുള്ളത്. എന്നാൽ, കുഞ്ഞിനെ ദത്തുനൽകിയതു സംബന്ധിച്ച വിവരങ്ങൾ ദത്തെടുക്കൽ നിയമപ്രകാരം കൈമാറേണ്ട കാര്യമില്ലെന്നാണ് പോലീസിനെ അറിയിച്ചിട്ടുള്ളത്.

ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പേരൂർക്കട സി.ഐ. സജികുമാർ പറഞ്ഞു. പോലീസ് ചോദിച്ച ദിവസങ്ങളിൽ രണ്ട് ആൺകുട്ടികളെ ലഭിച്ചിട്ടുണ്ടെന്ന് സമിതി അറിയിച്ചു. അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞുങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, ദത്ത് നൽകിയോയെന്നതു സംബന്ധിച്ച വിവരങ്ങൾ കൈമാറാനാവില്ലെന്നും അധികൃതരുമായി ബന്ധപ്പെടണമെന്നുമാണ് മറുപടി നൽകിയിരിക്കുന്നത്.

ചൈൽഡ് വെൽഫെയർ കമ്മറ്റി, ദത്തുനൽകൽ കമ്മറ്റി എന്നിവയ്ക്ക് വിവരങ്ങൾ തേടി പോലീസ് കത്തുനൽകിയിട്ടുണ്ട്. ദത്തിന്റെ വിവരങ്ങൾ ലഭിക്കാത്തത് പോലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും. ഈ വിവരങ്ങൾ ലഭിക്കാതെ കുഞ്ഞ് എവിടെയാണെന്നു കണ്ടെത്താനാവില്ല. അനുപമയുടെ കുഞ്ഞ് ശിശുക്ഷേമസമിതിയിൽ എത്തിയിട്ടുണ്ടെന്നാണ് പ്രാഥമികവിവരമെന്നും പോലീസ് പറയുന്നു.

ബാലാവകാശ കമ്മിഷൻ വിശദീകരണം തേടി

തിരുവനന്തപുരം : അനുപമയുടെ പരാതിയിൽ ബാലാവകാശ കമ്മിഷൻ വിശദീകരണം തേടി. ശിശുക്ഷേമസമിതിക്കും പോലീസിനും നോട്ടീസയച്ചെന്ന്‌ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് പറഞ്ഞു.

നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും കമ്മിഷൻ അറിയിച്ചു.