കാട്ടാക്കട: കള്ളിക്കാട് പ്രദേശത്തിന്റെ ആധ്യാത്മിക ചൈതന്യമായിരുന്നു സമാധിയായ സ്വാമി ചിന്താലയേശൻ എന്നറിയപ്പെട്ടിരുന്ന ചിന്താലയ ആശ്രമ ട്രസ്റ്റിന്റെ അധിപതി അപ്പുക്കുട്ടൻ സ്വാമികൾ.

1962-63 കാലഘട്ടത്തിൽ, 28-ാം വയസ്സിൽ കോലിയാക്കോടുനിന്ന്‌ അദ്ദേഹം ഇവിടെയെത്തി. 'ചവിട്ട് ചാണ' യുമായി അമ്പൂരി- കള്ളിക്കാട് പ്രദേശങ്ങളിൽ ചുറ്റിനടന്ന് ഇരുമ്പ് പണിയായുധങ്ങൾ രാകിനൽകിയിരുന്നു അദ്ദേഹം. പണി ചെയ്യാനായി 1968 കാലഘട്ടത്തിൽ തേവൻകോട് എന്ന സ്ഥലത്ത് ആലയും പ്രാർഥനയ്ക്കായി ആശ്രമവും ഒരുക്കി. ഇവയാണ് 1983 ജൂൺ 16-ന് കള്ളിക്കാട് 'ആധ്യാത്മ ചിന്താലയം' ആശ്രമമായി മാറിയതെന്ന് എഴുത്തുകാരനും ചിന്താലയ ആശ്രമ ട്രസ്റ്റിയുമായിരുന്ന എസ്.ജയശങ്കർ തയ്യാറാക്കിയ 'ശ്രീമദ് ചിന്താലയേശ കഥാമൃതം' എന്ന പുസ്തകത്തിൽ പറയുന്നു.

അഗസ്ത്യകൂടം മുതൽ കൈലാസം വരെ അദ്ദേഹം യാത്രചെയ്തു. എല്ലാ യാത്രയും പ്രവൃത്തികളും സന്ദേശമാക്കി ജനങ്ങളെ ഉത്ബോധിപ്പിച്ചു. പാവപ്പെട്ടവരെ സഹായിക്കാൻ എന്നും മുന്നിൽനിന്നു അദ്ദേഹം.

സ്വാമിയുടെ പ്രവർത്തനങ്ങൾ കള്ളിക്കാട് പ്രദേശത്തിനു വലിയ മാറ്റമുണ്ടാക്കി. വലിയൊരു ശിഷ്യസംഘവുമുണ്ടായി. പിന്നീട് പ്രവർത്തനകേന്ദ്രം കോലിയാക്കോടേക്കു മാറ്റി.

'അന്നം ഈശ്വരനാണ്' എന്ന തത്ത്വത്തിൽ ഊന്നി ഒരു ക്ഷേത്രവും സൗജന്യ സേവനത്തിനു വിവാഹമണ്ഡപവും സ്ഥാപിച്ചു. അധ്യാത്മ ചിന്താലയം ആശ്രമത്തിന്റെ ചുമതലയിൽ ഏഴ് പഞ്ചായത്തുകളിലെ സാധാരണക്കാർക്കുവേണ്ടി ഒരു ശ്മശാനവും 2010-ൽ പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിന് 2003-ൽ ആരംഭിച്ചതാണ് ചിന്താലയ വിദ്യാലയം. ഇതോടൊപ്പം ട്രസ്റ്റിനു കീഴിൽ നാലേക്കറോളം സ്ഥലത്ത് ഗുരുകുലം ഗാർഡൻസ് എന്ന പേരിൽ കൃഷിയും നടത്തുന്നു.

തേവൻകോട് അദ്ദേഹം ഉപയോഗിച്ചിരുന്ന ആല ഇപ്പോഴും അതേപടി സംരക്ഷിക്കുന്നു. ചിന്താലയ ആശ്രമ ട്രസ്റ്റ് ആണ് എല്ലാം നിയന്ത്രിക്കുന്നത്.