പാറശ്ശാല : കോവിഡിന് പിന്നാലെ വാഴക്കർഷകർക്ക് തിരിച്ചടിയായി വിലത്തകർച്ച. കഴിഞ്ഞ പത്തുവർഷത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇപ്പോൾ കർഷകർ വാഴക്കുലകൾ വിറ്റഴിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കർഷകർക്ക് ഇപ്പോഴും ഇത് കിട്ടിത്തുടങ്ങിയിട്ടില്ല.
കഴിഞ്ഞവർഷം ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ കടകൾ അടച്ചതുമൂലം കർഷകർ ഉത്‌പാദിപ്പിച്ച ഉത്പന്നങ്ങൾ പൂർണമായും വിൽക്കാൻ സാധിക്കാതെ വരുകയും വിറ്റഴിച്ചവയ്ക്ക് ന്യായമായ വിലയും ലഭിച്ചില്ല. ഇക്കൊല്ലം ഈ നഷ്ടം മറികടക്കാമെന്ന മോഹത്തിൽ വീണ്ടും കൃഷിയിറക്കിയവരാണ് വീണ്ടും ദുരിതത്തിലായത്.
കഴിഞ്ഞ മൂന്നുമാസമായി ഏത്തവാഴക്കർഷകർക്ക് ഒരുകിലോയ്ക്ക് ശരാശരി ലഭിക്കുന്നത് 23 രൂപ മാത്രമാണ്. ഡിസംബർ അവസാനവാരത്തിൽ കിലോയ്ക്ക് കർഷകന് ലഭിച്ചത് പതിനെട്ട് രൂപ മാത്രമായിരുന്നു. തുടർന്നുളള ആഴ്ചകളിൽ വില 32 രൂപ വരെ എത്തിയെങ്കിലും ഇപ്പോഴും ന്യായവില ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
എട്ടുമുതൽ പത്തുമാസത്തോളം മണ്ണിൽ അധ്വാനിച്ചശേഷം 23 രൂപയ്ക്ക് വാഴക്കുല നൽകേണ്ടി വരുമ്പോൾ വാഴയ്ക്കുവേണ്ടി ചെയ്ത ജോലിയുടെ കൂലിപോലും കർഷകർക്ക് ലഭിക്കുന്നില്ല. ഏത്തവാഴക്കുലകൾക്ക് ശരാശരി 40 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ മുന്നോട്ടുപോകുവാൻ സാധിക്കുകയുള്ളൂവെന്ന് കർഷകർ പറയുന്നു.
അതിർത്തി പ്രദേശത്ത് ഏറെ കൃഷി ചെയ്യുന്ന രസകദളിക്ക് ലഭിക്കുന്നത് വെറും 22 രൂപയാണ്. കഴിഞ്ഞ മൂന്ന് മാസക്കാലത്ത് രസകദളിക്ക് കർഷകർക്ക് ലഭിച്ചത് ശരാശരി 18 രൂപയോളം മാത്രമാണ്. സർക്കാർ സംരംഭസംവിധാനങ്ങളായ വി.എഫ്.പി.സി.കെ. പോലും കർഷകർക്ക് നൽകുന്നത് ഈ നാമമാത്രവിലയാണ്.
ഇറക്കുമതി കൂടി, കയറ്റുമതി നിലച്ചു
കേരളത്തിൽ വാഴക്കുലകളുടെ വിലത്തകർച്ചയ്ക്ക് കാരണമായത് തമിഴ്‌നാട്ടിൽനിന്നുള്ള നിയന്ത്രണങ്ങളില്ലാത്ത ഇറക്കുമതിയും കേരളത്തിൽനിന്നു വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചതുമാണ്. കോവിഡിനെ തുടർന്ന് നിലച്ച കയറ്റുമതി പൂർണരൂപത്തിൽ എത്താത്തത് വിലത്തകർച്ചയുടെ പ്രധാന കാരണമാണ്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഏത്തവാഴക്കുലകളിൽ അറുപതുശതമാനത്തോളം പോകുന്നത് ചിപ്‌സ് ഉത്‌പാദനത്തിനാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ഏത്തവാഴയ്ക്ക ചിപ്‌സ്. ടൂറിസ്റ്റുകളുടെ വരവ് നിലച്ചതോടെ ചിപ്സ് നിർമാണം പത്തുശതമാനത്തിലും താഴേക്ക് പോയി.
കർഷകരെ പിഴിഞ്ഞ് സംഭരണകേന്ദ്രങ്ങളും
കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനായി സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിട്ടുള്ള സംഭരണകേന്ദ്രങ്ങളിൽ ചിലത് കർഷകരെ ദ്രോഹിക്കുന്നതായി ആരോപണം ഉയരുന്നു. സംഭരണകേന്ദ്രങ്ങളിൽ സംഭരിക്കുന്ന വില പ്രദർശിപ്പിക്കാതെ തോന്നുംപടി സംഭരിക്കുന്നതായാണ് പരാതി.
കൂടാതെ സംഭരണകേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ ഉത്പന്നങ്ങൾക്ക് ഒന്നാംതരത്തിന്റെ വില നൽകുകയും മറ്റുള്ള കർഷകരുടെ ഉത്‌പന്നങ്ങളെ രണ്ടാംതരമായി കണക്കാക്കി കുറഞ്ഞ വില നൽകുന്ന രീതിയും നടക്കുന്നതായി കർഷകർ പരാതിപ്പെടുന്നുണ്ട്.
വൻനഷ്ടം
മൂന്നുമാസമായി വാഴക്കർഷകർക്ക് മാന്യമായ വില ലഭിക്കുന്നില്ല. കർഷകർക്ക് കുറഞ്ഞത് നാൽപ്പതുരൂപയെങ്കിലും കിലോയ്ക്ക് ലഭിച്ചാൽ മാത്രമേ നഷ്ടമുണ്ടാകാതെ മുന്നോട്ടുപോകുവാൻ സാധിക്കുകയുളളൂ. ഇപ്പോൾ വൻനഷ്ടത്തിലാണ് വാഴക്കുലകൾ വിറ്റഴിക്കുന്നത്.- തങ്കയ്യൻ, കർഷകൻ.
താങ്ങുവില കിട്ടുന്നില്ല
തമിഴ്‌നാട്ടിൽനിന്നുളള കുലകൾ വൻതോതിൽ എത്തുന്നതാണ് ഇപ്പോൾ ഈ വിലയിടിവിന് കാരണമായത്. കഴിഞ്ഞ മൂന്ന് മാസമായി ഏറെ ദുരിതമാണ് കർഷകർ അനുഭവിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ചിട്ടുളള താങ്ങുവിലയും കർഷകർക്ക് ലഭിക്കുന്നില്ല.- സതീഷ് കുമാർ, കർഷകൻ
താങ്ങുവില ലഭ്യമാക്കും
കർഷകർക്ക് ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. നടപടികൾ പൂർത്തിയായാൽ കർഷകർക്ക് ന്യായവില ലഭ്യമാകും.- എ.ഒ.ആൻസി, കൃഷി ഓഫീസർ ചെങ്കൽ
പാട്ടത്തുകപോലും കൊടുക്കാനാവുന്നില്ല
കർഷകരിൽ നല്ലൊരു ശതമാനവും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. ഇപ്പോൾ ലഭിക്കുന്ന വില പാട്ടത്തുക നൽകുന്നതിനുപോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ നിലയിൽ കൃഷിയുമായി മുന്നോട്ടുപോകുവാൻ സാധിക്കാത്ത സ്ഥിതിയാണ്. - രാമകുമാർ, കർഷകൻ