കരമന : സാധാരണക്കാർക്ക് ആശ്രയമായിരുന്ന കരമന-സോമൻനഗർ ബസ് സർവീസ് നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിയുന്നു. ഇനി എപ്പോഴെങ്കിലും ബസെത്തുമോ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ. കാറും ഇരുചക്രവാഹനങ്ങളുമില്ലാത്ത പൊതുഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന നിരവധിപേരാണ് കോർപ്പറേഷന്റെ ഭാഗമായ നെടുങ്കാട് വാർഡിലുള്ളത്.
ബസ് മുടങ്ങിയതു കാരണം നെടുങ്കാട്, സോമൻ നഗർ പ്രദേശങ്ങളിലെ ജനങ്ങൾ യാത്രാദുരിതം അനുഭവിക്കുകയാണ്. കെ.എസ്.ആർ.ടി.സി. സിറ്റി ഡിപ്പോയിൽനിന്നാണ് നേരത്തെ ബസ് സർവീസ് നടത്തിയിരുന്നത്. സർക്കാർ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങൾ നെടുങ്കാട് പ്രവർത്തിക്കുന്നുണ്ട്. കാർഷിക സർവകലാശാലയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഗവേഷണ കേന്ദ്രം, നെടുങ്കാട് സർക്കാർ സ്‌കൂൾ, ഫാർമസി കോളേജ്, സ്പിന്നിങ് മില്ല് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ജോലിക്കെത്തുന്നവർക്കും ബസില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പതിനായിരത്തിലധികം ജനസംഖ്യയുള്ള വാർഡിൽ നല്ലൊരു ശതമാനം പേരും ബസിനെ ആശ്രയിക്കുന്നവരാണ്. ഇപ്പോൾ ബസില്ലാത്തതിനാൽ കരമന ഇറങ്ങി നടക്കുകയോ ഓട്ടോയിൽ പോവുകയാണ് യാത്രക്കാർ ചെയ്യുന്നത്.
ബസ് നിർത്തലാക്കിയതിനെതിരേ പരാതി ശക്തമായതോടെ കുറച്ചുനാൾ മുമ്പ് ഒരു ബസ് സർക്കുലറായി സർവീസ് നടത്തിയതും പിന്നീട് പിൻവലിക്കുകയായിരുന്നു. കോർപ്പറേഷൻ വാർഡുകളിൽ കെ.എസ്.ആർ.ടി.സി. ബസ് എത്താത്ത ഏക വാർഡാണിതെന്ന് കൗൺസിലർ പറയുന്നു. ബസ് സർവീസ് പുനരാരംഭിച്ച് നാട്ടുകാരുടെ ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് കൗൺസിലർ പരാതിയും നൽകിയിട്ടുണ്ട്.
റോഡിലെ വീതിക്കുറവും അനധികൃത പാർക്കിങ്ങുമാണ് ബസ് സർവീസ് നിർത്താൻ കാരണമെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് ഈ റൂട്ടിൽ നല്ല കളക്ഷൻ ഉണ്ടായിരുന്നു.
രാവിലെ ആരംഭിക്കുന്ന ബസ് സർവീസ് രാത്രി ഒൻപതുവരെ നീളുമായിരുന്നു. രാവിലെ ജോലിക്ക് പോകുന്ന നിരവധി പേർക്ക് ബസ് സർവീസ് അനുഗ്രഹമായിരുന്നു. ഈ പ്രദേശത്തുള്ളവർക്ക് ബസ് കിട്ടണമെങ്കിൽ രണ്ട് കിലോമീറ്ററിലധികം നടന്ന് കരമനയിലോ കാലടിയിലോ പോകേണ്ട സ്ഥിതിയാണ്. :ബസ് സർവീസ് നിർത്തി വർഷങ്ങൾ കഴിഞ്ഞു. ജോലിക്ക് പോകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
ആനത്താനം രാധാകൃഷ്ണൻ,പൊതുപ്രവർത്തകൻ.
സ്‌കൂളിൽ പഠിക്കുമ്പോഴേ ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. സർവീസ് പുനരാരംഭിച്ചാൽ നാട്ടുകാർക്ക് പ്രയോ ജനമുണ്ടാകും.
സുജിൻ,നാട്ടുകാരൻ
:ഒരുദിവസം ഏഴ് ഷെഡ്യൂൾ വരെ ഉണ്ടായിരുന്ന ബസാണ് നിർത്തലാക്കിയത്. കെ.എസ്.ആർ.ടി.സി.ക്ക്. റോഡിലുള്ള തടസ്സങ്ങൾ നീക്കുവാൻ സഹകരിക്കും.
സി.ബാബു, പ്രസിഡന്റ്, ശാസ്ത്രിനഗർ റസിഡന്റ്‌സ് അസോസിയേഷൻ
ബസ് പുനരാരംഭിച്ച് നാട്ടുകാരുടെ യാത്രാദുരിതം കെ.എസ്.ആർ.ടി.സി. അവസാനിപ്പിച്ചില്ലെങ്കിൽ സമരരംഗത്തിറങ്ങേണ്ടിവരും.
കരമന അജിത്ത്, നെടുങ്കാട് വാർഡ് കൗൺസിലർ
അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും തടസ്സം
കരമന-സോമൻനഗർ ബസ് നിർത്തലാക്കാൻ കാരണമായി കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത് വീതി കുറഞ്ഞ റോഡിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കുമാണ്. ഇതുകാരണം ബസ് സർവീസുകൾക്ക് കൃത്യമായ സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനു പരിഹാരം കാണാൻ വാർഡിലെ ഇരുപ്പത്തിരണ്ട് റസിഡന്റ്‌സ് അസോസിയേഷനുകൾ തീരുമാനം എടുത്തുകഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. അനധികൃത പാർക്കിങ് പോലീസിന്റെ സഹായത്തോടെ ഒഴിവാക്കും. ഇതോടെ ബസ് സർവീസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.