നെയ്യാറ്റിൻകര : കാർഷികവിള നശിച്ചതിനുള്ള നഷ്ടപരിഹാരം കിട്ടാത്തതിനെത്തുടർന്ന്‌ കർഷക നെയ്യാറ്റിൻകര കൃഷി ഭവനിലെത്തി രാസകീടനാശിനി കുടിച്ചു. വട്ടവിള കീഴ്‌ക്കൊല്ല പെരുകുളങ്ങര പുത്തൻവീട്ടിൽ ലീല(66) ആണ് ബുധനാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര കൃഷിഭവനിലെത്തി കീടനാശിനി കുടിച്ചത്.

ലീല മകന്റെ പേരിലുള്ള നെയ്യാറ്റിൻകര കൃഷിഭവൻ പരിധിയിലുള്ള സ്ഥലത്ത് കൃഷിചെയ്തുവരികയാണ്. ഇവർക്ക് ചെങ്കൽ പഞ്ചായത്ത് പരിധിയിലെ പാടശേഖരത്തും പാട്ടക്കൃഷിയുണ്ട്. 2009 മുതൽ നെയ്യാറ്റിൻകര കൃഷിഭവനിൽ നിന്ന് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നാണ് ലീല പറയുന്നത്.

ഇതിനിടെ പാട്ടക്കൃഷിക്കായി ബാങ്കിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലപ്പോഴുണ്ടായ കൃഷിനാശം കാരണം വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നോട്ടീസയച്ചു. നഷ്ടപരിഹാരം ലഭിക്കാനായി ഇവർ പലപ്രാവശ്യം നെയ്യാറ്റിൻകര കൃഷിഭവനിലെത്തിയിട്ടും ഫലമുണ്ടായില്ല.

കീടനാശിനി കുടിച്ച് ലീല ബോധരഹിതയായതോടെ കൃഷിഭവനിലെ ഉദ്യോഗസ്ഥർ ജനപ്രതിനിധികളെയും പോലീസിനെയും വിവരമറിയിച്ചു. നെയ്യാറ്റിൻകര പോലീസെത്തി ലീലയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ലീലയ്ക്ക് നഷ്ടപരിഹാരമായി നാലു ലക്ഷം രൂപവരെ ലഭിക്കാനുണ്ടെന്ന് മകൻ ബി.എൽ.രാജീവ് പറഞ്ഞു.

നഷ്ടപരിഹാരം കിട്ടാത്തതിന്റെ കാരണമന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജീവ് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

അപേക്ഷ കിട്ടിയിട്ടില്ലെന്ന് കൃഷി ഓഫീസർ

: നഷ്ടപരിഹാരത്തിനായി ലീലയുടെ പേരിൽ നെയ്യാറ്റിൻകര കൃഷിഭവനിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കൃഷി ഓഫീസർ കെ.എം.അനിൽകുമാർ പറഞ്ഞു. ലീലയുടെ പേരിൽ നെയ്യാറ്റിൻകര കൃഷിഭവൻ പരിധിയിൽ സ്ഥലമില്ല. മകന്റെ പേരിൽ ചെങ്കൽ കൃഷിഭവൻ പരിധിയിലുള്ള 25 സെന്റ് സ്ഥലത്താണ് അവർ കൃഷിചെയ്തിരുന്നത്. അവരെ അക്കാര്യം ബോധ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.