വിഴിഞ്ഞം : തടിമില്ലിലുണ്ടായ തീപ്പിടിത്തത്തിൽ വളപ്പിൽ സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികൾ മുഴുവനും കത്തിനശിച്ചു. കട്ടച്ചൽക്കുഴി അലിയാവിളയിൽ രാഘവന്റെ ഉടമസ്ഥതയിലുള്ള ലളിതാ സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസിലാണ് തീപ്പിടിത്തമുണ്ടായത്. പതിനഞ്ചടിയോളം തീപടർന്നതിനാൽ സമീപത്തെ മരങ്ങളും കത്തിപ്പോയി. എന്നാൽ മില്ലിനോട് ചേർന്നുള്ള ഉടമയുടെ വീടിന് തീപിടിക്കാത്തത് ആളപായമുണ്ടാക്കിയില്ല.

തടിമില്ലുടമയുടെ പേരക്കുട്ടിയാണ് തീപടരുന്നത്‌ ആദ്യം കണ്ടത്. കുട്ടിയുടെ നിലവളികേട്ടാണ് വീട്ടിലുള്ളവർ തീപ്പിടിത്തമറിയുന്നത്. ഉടൻതന്നെ വിഴിഞ്ഞം അഗ്നിരക്ഷാസേനാധികൃതരെ അറിയിച്ചു. എന്നാൽ തീ നിയന്ത്രണവിധേയമാകാത്തത്തിനെ തുടർന്ന് നെയ്യാറ്റിൻകര, പൂവാർ, ചെങ്കൽച്ചൂള എന്നിവിടങ്ങളിൽനിന്ന്ും അഗ്നിരക്ഷാസേന എത്തി. ഏഴ് യൂണിറ്റുകൾ ആറുമണിക്കൂർ നടത്തിയ ശ്രമത്തിലാണ് തീയണയ്ക്കാൻ സാധിച്ചത്.

വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയാണ് തീപ്പിടിത്തമുണ്ടായത്. നിർമാണം പൂർത്തിയാക്കിവെച്ചിരുന്ന കട്ടിളകൾ, ജനാലകൾ, വാതിലുകൾ, കൂടാതെ തടി ഉരുപ്പടികളും കത്തിപ്പോയെന്ന് മില്ലിലെ ജീവനക്കാർ പറഞ്ഞു. മില്ലിൽ തടികൾ അറുത്തതിനുശേഷം കൂട്ടിയിട്ടിരുന്ന മരപ്പൊടികളിലുണ്ടായ തീപടർന്നാണ് വൻ അഗ്നിബാധയ്ക്ക് ഇടയാക്കിയെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക കണ്ടെത്തൽ. തീപ്പിടിത്തത്തിൽ മില്ലിൽ സൂക്ഷിച്ചിരുന്ന വലിയ തടികൾ കത്തിയില്ലെന്ന് മില്ലുടമ രാഘവൻ പറഞ്ഞു. ഏകദേശം പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി വിഴിഞ്ഞം അഗ്നിരക്ഷാസേന അറിയിച്ചു.

ജില്ലാ ഫയർ ഓഫീസർ സുവി, സ്റ്റേഷൻ ഓഫീസർമാരായ അജയ് ടി.കെ., സജിത്ത് അടക്കമുള്ള ഇരുപതോളം സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.