കാട്ടാക്കട : കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. മരുന്നില്ലാത്തതിനാൽ വ്യാഴാഴ്ചയും എല്ലാ പഞ്ചായത്തുകളിലും വാക്സിനേഷൻ മുടങ്ങി. കാട്ടാക്കട പഞ്ചായത്തിൽ ഇതേവരെ 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചന്ദ്രമംഗലം, പൊന്നറ, എട്ടിരുത്തി, തൂങ്ങാംപാറ, അമ്പലത്തിൻകാല വാർഡുകളിലായാണ് ഭൂരിപക്ഷം രോഗികളും. ഇതിനിടെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ഇന്ത്യൻ ബാങ്ക് ശാഖ പൂട്ടി.

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഡിപ്പോ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. മാസ്ക്, കൈയുറ, സാനിറ്റൈസർ എന്നിവയുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി ജീവനക്കാർ പറയുന്നു. കൂടാതെ ഡിപ്പോയും പരിസരവും ബസുകളും ശുചീകരിക്കാനുള്ള നടപടിയും ഉണ്ടാകുന്നില്ല.

പൂവച്ചൽ പഞ്ചായത്തിൽ ഏഴു വാർഡുകൾ കൺടെയ്‌ൻമെന്റ് സോണാണ്. പൂവച്ചൽ, കാട്ടാക്കട ആശുപത്രികളിലായി 100 പേരെ പരിശോധിച്ചു. ആകെ 83 പേർക്കാണ് രോഗം കണ്ടെത്തിയത്.

കള്ളിക്കാട് പഞ്ചായത്തിൽ വ്യാഴാഴ്ച 97 പേരുടെ പരിശോധന നടന്നു. 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം കൂടുന്നതിനാൽ നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.