ശ്രീകാര്യം : ജാതിയുടെയും മതത്തിന്റെയും പേരിൽ വകഭേദങ്ങളുണ്ടായ മാരകമായ വർഗീയ വൈറസിന്റെ വ്യാപനമുണ്ടാക്കാൻ ചിലർ ശ്രമിക്കുമ്പോൾ അതിനെ ചെറുക്കാനുള്ള ഫലപ്രദമായ വാക്സിനാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെന്ന് സ്പീക്കർ എം.ബി.രാജേഷ്.

94-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന സമാധിദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.

ഗുരുദർശനങ്ങൾ മുൻപ് ഒരുകാലത്തും ഇല്ലാത്തവിധത്തിൽ നാടിന് വെളിച്ചം പകരേണ്ട കാലമാണിപ്പോൾ. ആശ്രമത്തിലൊതുങ്ങാതെ ജനമധ്യത്തിലിറങ്ങി സാമൂഹികമാറ്റമുണ്ടാക്കാൻ ഗുരു നേതൃത്വം നൽകി. തെറ്റായ ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്ന് സ്വന്തം പ്രവൃത്തികൊണ്ട് തെളിയിച്ചു.

വിഗ്രഹ പ്രതിഷ്ഠകൾ നടത്തിയതുകൊണ്ട് അദ്ദേഹത്തെ ഇപ്പോൾ ഏറ്റെടുക്കാനൊരുങ്ങുന്നവർ അദ്ദേഹം വിഗ്രഹഭഞ്ജകനാണെന്നും അറിയണം. മനുഷ്യരെല്ലാം ഒരു ജാതിയാണെന്നും ജാതി മത വ്യത്യാസമില്ലാതെ വിവാഹം ചെയ്യുന്നത് തെറ്റല്ലെന്നും ഗുരു അന്നേ പറഞ്ഞിരുന്നു. ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ ഈ വിവാഹങ്ങൾക്ക് ഇപ്പോൾ പല പേരുകൾ വിളിക്കുന്നു. ഇന്നായിരുന്നുവെങ്കിൽ ഗുരുവിനെ വിമർശിച്ചേനെ. അന്ന് ഗുരുദേവനെ ഇത്തരത്തിൽ വേട്ടയാടാൻ പറ്റിയ സംഘടിത ശക്തി ഇല്ലായിരുന്നു. ഇന്നുണ്ടെങ്കിലും ഗുരുവിനെ തൊടാൻ കഴിയാത്ത മഹത്വം ഗുരുവിനുണ്ടെന്നും സ്പീക്കർ പറഞ്ഞു.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ ഉപദേശത്തിന് പ്രാധാന്യം കൂടിയ കാലഘട്ടമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പറഞ്ഞു.

ഗുരുദേവൻ വീണ്ടും ജനിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ടി.എൻ.പ്രതാപൻ എം.പി. പറഞ്ഞു.

ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, കൗൺസിലർ ചെമ്പഴന്തി ഉദയൻ, ഷൈജു പവിത്രൻ എന്നിവർ പങ്കെടുത്തു.