പാറശ്ശാല: കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് മേഖലയിൽ വൈദ്യുതശ്മശാനം വേണമെന്ന പത്തുവർഷമായുള്ള ആവശ്യം അവഗണിക്കപ്പെടുന്നു. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന അതിർത്തി പഞ്ചായത്താണ് കുളത്തൂർ. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ജനങ്ങളാണ് ഇവിടുള്ളതിൽ ഭൂരിഭാഗവും. രണ്ടും മൂന്നും സെന്റ് ഭൂമിയിൽ വീട് വെച്ച് താമസിക്കുന്ന ഇത്തരത്തിൽപ്പെട്ട സാധാരണക്കാരാണ് മൃതദേഹങ്ങൾ സംസ്‌ക്കരിക്കുവാനായി സ്ഥലമില്ലാതെ ഏറെ ദുരിതമനുഭവിക്കുന്നത്.

താമസിക്കുന്ന ഭൂമി മാത്രം സ്വന്തമായുള്ള, വേറെ സ്ഥലമില്ലാത്തതിനെ തുടർന്ന് വീട്ടുമുന്നിൽത്തന്നെ മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടിവന്ന സംഭവങ്ങളുണ്ട്.

കുളത്തൂരിനു സമീപം ഊട്‌പോക്കിരി കുളത്തിനു സമീപത്തെ സർക്കാർ ഭൂമിയിൽ വൈദ്യുതശ്മശാനം നിർമിക്കാൻ ആലോചിച്ചെങ്കിലും പ്രാദേശികമായുള്ള എതിർപ്പിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. ജനവാസം കുറഞ്ഞ മേഖലയെന്നനിലയിലാണ് ഊട്പോക്കിരി പ്രദേശത്തെ ശ്മശാനത്തിനായി പരിഗണിച്ചത്. എന്നാൽ, പ്രാദേശികമായി ഉയർന്ന എതിർപ്പുകൾ പരിഹരിക്കുവാൻ അധികൃതർക്കായില്ല. മലിനീകരണവും മൃതദേഹം സംസ്‌കരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ദുർഗന്ധവുമാണ് പ്രദേശവാസികൾ ശ്മശാനം എതിർക്കുന്നതിനു കാരണമായത്. എന്നാൽ ദുർഗന്ധവും മലിനീകരണവുമില്ലാത്ത ആധുനിക സംവിധാനങ്ങളെക്കുറിച്ച് പ്രദേശവാസികളെ ബോധവത്കരിക്കാൻ അന്നായില്ല. ഇപ്പോൾ മൃതദേഹങ്ങൾ സംസ്‌കരിക്കുവാനായി സ്ഥലത്തിനായി ഏറെ ബുദ്ധിമുട്ടേണ്ട സാഹചര്യമുള്ളതിനാൽ പ്രാദേശികമായി എതിർപ്പുകളുടെ സാധ്യത കുറവാണ്. പാറശ്ശാലയിലെ ശ്മശാനത്തെയാണ് പലരും ആശ്രയിക്കുന്നത്.

മലിനീകരണവും ദുർഗന്ധവും ഇല്ലാത്ത ആധുനിക സംവിധാനത്തെപ്പെറ്റി പ്രദേശവാസികളെ ബോധ്യപ്പെടുത്തണം. അവരുടെ വിശ്വാസ്യത നേടിയശേഷം മാത്രം ശ്മശാനനിർമാണത്തിലേക്ക് നീങ്ങിയാൽ എതിർപ്പുകൾക്കുള്ള സാധ്യത വിരളമാണ്. നിലവിലെ സാഹചര്യത്തിൽ കുളത്തൂർ മേഖലയിൽ വൈദ്യുതശ്മശാനം അടിയന്തരമായി വേണ്ടതാണ്.

വിജിൻ ഉച്ചക്കട,

കുളത്തൂർ സ്വദേശി.വീടുകൾക്കു മുന്നിൽ മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടി വന്ന നിരവധി കുടുംബങ്ങൾ കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് മേഖലയിലുണ്ട്. ഇത്തരം സംഭവങ്ങൾ ഏറെ ദുഃഖകരമാണ്. വൈദ്യുതശ്മശാനം കുളത്തൂർ പഞ്ചായത്ത് പരിധിയിൽ നിർമിക്കണം.

ജി.മിത്രൻ,

സാംസ്‌കാരിക പ്രവർത്തകൻ. വൈദ്യുതശ്മശാനം നിർമാണം പഞ്ചായത്തിന്റെ പരിഗണനയിലുള്ള വിഷയമാണ്. പ്രാദേശികമായി ഉയർന്നുവരുന്ന എതിർപ്പുകളാണ് പഞ്ചായത്ത് നേരിടുന്ന പ്രധാന വിഷയം. ഇതിനായി സർവകക്ഷി യോഗം വിളിച്ച് ജനങ്ങളെ ബോധവത്‌കരിച്ച് സമവായത്തിലൂടെ ശ്മശാനനിർമാണം നടത്തുന്നതിനുള്ള ശ്രമം നടത്തിവരികയാണ്.

സുധാർജുനൻ,

കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്.