വെമ്പായം : എന്നും രാവിലെ അച്ഛനോടൊപ്പം നടക്കാൻ പോകുമായിരുന്നു മകൻ അർജുൻ സജീവ്. എന്നാൽ, കാലുവേദനയുണ്ടായിരുന്നതിനാൽ വ്യാഴാഴ്ച അച്ഛനൊപ്പം നടക്കാൻ പോയില്ല. നടക്കാനിറങ്ങി റബ്ബർത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ വേറ്റിനാട് പനയറകോണത്ത് വീട്ടിൽ സജീവി (47)ന്റെ വേർപാട് ഏവരെയും നടുക്കുന്നതായി.

എല്ലാവരോടും സൗമ്യമായി പെരുമാറും. എല്ലാവർക്കും സജീവനെക്കുറിച്ച് പറയാൻ നല്ലതുമാത്രം. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും മനസ്സിലാകുന്നില്ല. ചെമ്പഴന്തി സ്വദേശിയായ സജീവ് വിവാഹത്തിനുശേഷമാണ് വേറ്റിനാട് താമസമാക്കിയത്.

നടത്തത്തിനു പതിവായുള്ള വഴിയിലൂടെയായിരുന്നില്ല വ്യാഴാഴ്ച പോയത്. എന്നും റോഡിൽക്കൂടി മാത്രമായിരുന്നു പ്രഭാതസഞ്ചാരം.

കഴുത്തിൽ പ്ലാസ്റ്റിക് ടാഗ് കണ്ടതുമാത്രമല്ല, കിടത്തിയനിലയിലായിരുന്നു മൃതദേഹം എന്നതും മരണത്തിൽ ദുരൂഹത ഉയർത്തുന്നു.

സാമ്പത്തികമായോ വീടുമായോ ഒരുപ്രശ്നവും ഇല്ലാത്ത സജീവ് ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കഴുത്തിൽ വയറിങ്ങിനു ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ടാഗ് കണ്ടതിനെച്ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണത്തെപ്പെറ്റി കൂടുതൽ വ്യക്തത വരൂ.