കോവളം : ഇരുപതുവർഷമായി തകർന്നു കിടക്കുന്ന മുട്ടത്തറ പെരുന്നെല്ലി റോഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി വി.ശിവൻകുട്ടി അടിയന്തര യോഗം വിളിക്കുന്നു. പി.ഡബ്ല്യു.ഡി.യുടെ റോഡ്‌സ് വിഭാഗത്തിന്റെയും വാട്ടർ അതോറിറ്റിയുടെ സിവറേജ് വിഭാഗത്തിന്റെ സാങ്കേതിക വിഭാഗമുൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് അടുത്ത ദിവസം വിളിക്കുക.

റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മാതൃഭൂമി ബുധനാഴ്ച നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രശ്നത്തിൽ ഇടപെട്ടത്. തകർന്ന റോഡ്‌ നേരിട്ടുകണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ പി.ഡബ്ല്യു.ഡി. എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും. തുടർന്ന് മന്ത്രിയും സ്ഥലം സന്ദർശിക്കുമെന്ന് അറിയുന്നു.

റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മുന്നോടിയായി കുഴികളടയ്ക്കും. തുടർന്ന് വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനം, റോഡ് വീതികൂട്ടിയുള്ള ടാറിങ് എന്നിവ അടിയന്തരമായി നടത്തുന്നതിനാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കൂട്ടുകയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടുകാരണം ഇവിടത്തെ നാട്ടുകാർക്ക് യാത്രചെയ്യാനാവില്ല.

തകർന്ന റോഡായതിനാൽ ഇതുവഴിയുണ്ടായിരുന്ന ബസ് റൂട്ടും നിർത്തിവെച്ചു. മെച്ചപ്പെട്ട കളക്ഷൻ ലഭിച്ചിരുന്നു കിഴക്കേക്കോട്ട-മുക്കോല-പരുത്തിക്കുഴി, മുക്കോല-പരുത്തിക്കുഴി-പൂന്തുറ എന്നീ റൂട്ടുകളിലുടെ ബസോടിക്കാൻ തരത്തിലുള്ള റോഡുണ്ടെങ്കിൽ നിർത്തിവെച്ച ബസ് സർവീസ് പരിഗണിക്കുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചിട്ടുണ്ട്.