തിരുവനന്തപുരം: മാലിന്യം നിറഞ്ഞും കാടുപിടിച്ചും കിടക്കുന്ന സ്വകാര്യ പുരയിടങ്ങൾ ശുചിയാക്കാൻ അടിയന്തര നോട്ടീസ് നൽകുന്ന കോർപ്പറേഷന്റെ വക സ്ഥലത്ത് വൻ മാലിന്യക്കുന്നും കാടും. സിക്ക വൈറസിനെ പ്രതിരോധിക്കാൻ ഏഴുദിന കർമപദ്ധതിയുമായി 100 വാർഡിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് നഗരകേന്ദ്രത്തിലെ പുത്തരിക്കണ്ടം മൈതാനം മുഴുവൻ ടൺകണക്കിന് മാലിന്യം നിറഞ്ഞു കിടക്കുന്നത്. രണ്ടുവർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ ചെടികൾ നിറഞ്ഞ് കാടായിക്കഴിഞ്ഞു.

ചാലക്കമ്പോളവും കോട്ടയ്ക്കകവും അടക്കം ചുറ്റും ജനസാന്ദ്രതയുള്ള പ്രദേശത്താണ് രോഗം പടർത്തുന്ന തരത്തിൽ കോർപ്പറേഷന്റെ ഏക്കറുകണക്കിനു സ്ഥലമുള്ളത്. ചുറ്റുമുള്ള വാർഡുകളിലെ ആരോഗ്യപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കോർപ്പറേഷന്റെ ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസും പ്രവർത്തിക്കുന്നത് ഈ മാലിന്യക്കൂമ്പാരത്തിന് ഇടയിൽ തന്നെയാണ്. കോടികൾ ചെലവിട്ട് നവീകരിച്ച നടപ്പാതയും ലൈറ്റുകളുമെല്ലാം മാലിന്യക്കുന്നുകൾ കാരണം തകർന്നു കഴിഞ്ഞു.

മൂന്നാൾ പൊക്കത്തോളം ഉയർച്ചയിലാണ് മൈതാനത്ത് മുഴുവൻ മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ഇതിനിടയിൽ വെള്ളം കെട്ടിനിൽക്കുന്ന തരത്തിലുള്ള മാലിന്യങ്ങളുമുണ്ട്. രണ്ടു വർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ കാടുപിടിച്ചതോടെ വെള്ളം കെട്ടിനിൽക്കുന്ന കൊതുകിന്റെ സ്രോതസ്സുകൾ നശിപ്പിക്കാനാവാത്ത സ്ഥിതിയാണ്. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും അടക്കമുള്ള രോഗങ്ങൾകൂടി നഗരത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം സമീപവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മാത്രമല്ല, ഇപ്പോഴും ഓടകളും തോടുകളും ശുചീകരിക്കുന്ന മാലിന്യം പുത്തരിക്കണ്ടത്താണ് കൊണ്ടുതള്ളുന്നത്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി തോടുകളിൽനിന്നും ഇത്തവണ വാരിമാറ്റിയ മാലിന്യം കൊണ്ടിട്ടതു കാരണം മൈതാനത്തെ വൈദ്യുതവിളക്കുകളും നടപ്പാതകളും തകർന്ന നിലയിലാണ്.

രണ്ടു വർഷം മുമ്പ് ആമയിഴഞ്ചാൻ തോടിന്റെ നവീകരണസമയത്താണ് ആദ്യമായി പുത്തരിക്കണ്ടത്ത് മാലിന്യംകൊണ്ടുതള്ളിയത്.

മണ്ണും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യം വേർതിരിച്ച് മാറ്റുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ, മാലിന്യം നീക്കാൻ സ്ഥലമില്ലാത്തതിനാൽ ഇത് മുടങ്ങി. ഇത് എങ്ങോട്ടുമാറ്റുമെന്നതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. മണ്ണ്, പാറ, പ്ലാസ്റ്റിക്, വാഹനാവശിഷ്ടങ്ങൾ തുടങ്ങിയവയാണ് കുന്നുപോലെ കിടക്കുന്നത്.

മാലിന്യക്കൂമ്പാരത്തിനിടയിലൂടെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ പുത്തരിക്കണ്ടം നവീകരണവും നടക്കുന്നുണ്ട്. കോർപ്പറേഷൻ കൗൺസിലിലടക്കം പുത്തരിക്കണ്ടത്തെ മാലിന്യം നീക്കാനുള്ള ആവശ്യം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാൽ, നടപടികൾ ഉണ്ടാകുന്നില്ലെന്നും ചാല കൗൺസിലർ സിമി ജ്യോതിഷ് പറഞ്ഞു.സിക്ക പ്രതിരോധ പ്രവർത്തനവുമില്ലമാലിന്യത്തിനു നടുവിൽ ആരോഗ്യവിഭാഗം ഓഫീസും