മാറനല്ലൂർ : കണ്ടല പഞ്ചായത്ത് വായനശാലാ വളപ്പിൽനിന്ന്‌ മുറിച്ചുമാറ്റിയ മരങ്ങൾ കടത്തിയെന്ന് ആരോപണം. പഞ്ചായത്തിലെ ബി.ജെ.പി. അംഗങ്ങളാണ് സെക്രട്ടറിക്ക് പരാതി നൽകിയത്. ഒരാഴ്ചമുമ്പാണ് വായനശാലാ വളപ്പിലെ മരങ്ങൾ മുറിച്ചത്.

വായനശാലയും പരിസരവും കാടുകയറി ഇഴജന്തുക്കളുടെ ശല്യം വർധിച്ചതുകാരണം നാട്ടുകാർ പഞ്ചായത്തധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് വായനശാലാവളപ്പിലെ പാഴ്‌മരങ്ങൾ ഉൾപ്പെടെ മുറിച്ചുമാറ്റാൻ പഞ്ചായത്തധികൃതർ തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് വായനശാലാ വളപ്പിൽനിന്ന്‌ ആഞ്ഞിൽ മരം മുറിച്ചിരുന്നു. തദ്ദേശസ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മുറിച്ചുമാറ്റിയ മരം ലേലംചെയ്യാൻ കഴിഞ്ഞില്ലെന്നും അത് വായനശാലാ വളപ്പിൽ തന്നെയിട്ടുവെന്നുമാണ് പരാതി.

ഒരാഴ്ചമുമ്പ് പാഴ്മരങ്ങൾ മുറിച്ചപ്പോൾ നേരത്തേ മുറിച്ചിട്ടിരുന്ന ആഞ്ഞിൽ മരവും കടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, മരം മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി. പഞ്ചായത്തംഗങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നും വരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രധാന അജൻഡയായി വിഷയം വച്ചിട്ടുണ്ടെന്നും സെക്രട്ടറി ജീവൻ പറഞ്ഞു.

എന്നാൽ, മുറിച്ചു മാറ്റിയ മരങ്ങൾ വായനശാലാ വളപ്പ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി മറ്റൊരു പുരയിടത്തിലേക്കു മാറ്റിയിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാർ പറഞ്ഞു.