ആറ്റിങ്ങൽ : സഹകരണസംഘങ്ങൾ രൂപവത്കരിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനരേഖകൾ മുക്കിയതായി സംശയം. കാൽകോസിന്റെ ചിറയിൻകീഴ് ഇരട്ടക്കലുങ്കിലുള്ള പ്രധാനകേന്ദ്രത്തിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയെങ്കിലും പ്രധാന രേഖകളൊന്നും കണ്ടെടുത്തിട്ടില്ല. ഇതോടെ തട്ടിപ്പിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുള്ളതായും പോലീസ് സംശയിക്കുന്നു.

സഹകരണവകുപ്പിനു കീഴിൽ ചിറയിൻകീഴ് താലൂക്ക് ഓട്ടോറിക്ഷാത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കാൽകോസ്) വ്യവസായവകുപ്പിനു കീഴിൽ കേരള ട്രെഡിഷണൽ ഫുഡ് പ്രോസസിങ് ആൻഡ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും രൂപവത്കരിച്ചാണ് തട്ടിപ്പ് നടത്തിയത്. ചിറയിൻകീഴ് കിഴുവിലം കൊല്ലൻവിളാകം വീട്ടിൽ സജിത്കുമാറാണ് രണ്ട് സംഘങ്ങളുടെയും പ്രസിഡന്റ്. ജോലിവാഗ്ദാനം നൽകിയും ഏജൻസി വാഗ്ദാനം നൽകിയും സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകാതെയും നിക്ഷേപങ്ങൾ സ്വീകരിച്ചിട്ട് മടക്കിനൽകാതെയുമാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

വിവിധ ജില്ലകളിലുള്ളവർ തട്ടിപ്പിനിരകളായിട്ടുണ്ട്. പരാതിയെത്തുടർന്ന് കരമന പോലീസ് അറസ്റ്റു ചെയ്ത സജിത്കുമാറിപ്പോൾ റിമാൻഡിലാണ്.

ജോലിവാഗ്ദാനം നൽകിയും നിക്ഷേപം മടക്കിനൽകാതെയും പണം തട്ടിയെന്നു കാട്ടി ചിറയിൻകീഴ് സ്റ്റേഷനിൽ ആറുപേർ പരാതി നൽകിയിട്ടുണ്ട്. ഈ പരാതികളിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്യുകയും മറ്റു മൂന്ന് പരാതികൾ ഈ കേസുകളോട് യോജിപ്പിച്ചുമാണ് പോലീസിപ്പോൾ അന്വേഷണം നടത്തുന്നത്. കാൽകോസിന്റെ ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പോലീസ് കോടതിയിൽ ഹാജരാക്കി. സജിത്കുമാറിന്റെ അറസ്റ്റ് ഔപചാരികമായി രേഖപ്പെടുത്തിയതായും ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും സി.ഐ. ജി.ബി.മുകേഷ് പറഞ്ഞു.

കാൽകോസിൽ നടന്ന പരിശോധനയിൽ സംഘത്തിന്റെ സ്റ്റാമ്പുകൾ പോലും പോലീസിനു കണ്ടെത്താനായിട്ടില്ല. പണമിടപാടുകൾ സംബന്ധിച്ച രേഖകളും ഓഫീസിലുണ്ടായിരുന്നില്ല. ക്യാഷ്ബുക്കും ലഡ്ജറും പിടിച്ചെടുത്തെങ്കിലും പരാതിക്കാരുമായി ബന്ധപ്പെട്ട ഒരു രേഖകളും കണ്ടെടുത്തിട്ടില്ലെന്നാണ് സൂചന.

പണമിടപാട് നടത്താൻ അനുമതിയില്ലാതിരുന്ന സംഘത്തിൽ ക്യാഷ്‌കൗണ്ടർ പ്രവർത്തിച്ചിരുന്നു. സ്ഥിരനിക്ഷേപങ്ങൾ വരെ സ്വീകരിച്ചിരുന്നെങ്കിലും ഒരു രേഖയും പോലീസിന് ലഭിച്ചിട്ടില്ല.

വ്യവസായവകുപ്പിന് കീഴിലുള്ള കെ.ടി.എഫ്.ഐ.സി.എസിന്റെ മറവിലാണ് തട്ടിപ്പിന്റെ വലിയൊരുശതമാനം നടന്നിട്ടുള്ളത്.

എന്നാൽ ഈ കേന്ദ്രത്തിൽ പരിശോധന നടത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സംഘവുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പിന്റെ നടപടികളും സാവധാനത്തിലാണ്.

സ്ഥാപനവുമായി ബന്ധപ്പെട്ട പരാതികളുയർന്നപ്പോൾത്തന്നെ സംഘങ്ങളിൽനിന്ന് രേഖകൾ കടത്തിക്കൊണ്ടുപോവുകയോ നശിപ്പിക്കുകയോ ചെയ്തതായാണ് സംശയിക്കുന്നത്.

തട്ടിപ്പിനായി വിവിധ ജില്ലകളിൽ ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായി സൂചനയുണ്ട്. ഇവരും സംഘത്തിന്റെ ഭരണസമിതിയിലുൾപ്പെട്ടവരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് വിപുലമായ തട്ടിപ്പിന് കളമൊരുങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. ഇതോടെ കേസിലെ പ്രതിപ്പട്ടിക നീളുമെന്ന് ഉറപ്പായിട്ടുണ്ട്.