തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അമൃത മഹോത്സവത്തിനു പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ തുടക്കമായി. കേരളത്തിൽ തിരുവനന്തപുരം, മണ്ണടി, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി അമൃത മഹോത്സവം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് പ്രണാമമർപ്പിച്ച് തുടക്കംകുറിച്ചു. മണ്ണടിയിൽ വേലുത്തമ്പിദളവയുടെ പോരാട്ടം, കോട്ടയത്ത് പത്രപ്രവർത്തനവും സ്വാതന്ത്ര്യസമരവും, എറണാകുളത്ത് ഗാന്ധിയൻ മൂല്യങ്ങളും സ്വാതന്ത്ര്യസമരവും, കോഴിക്കോട്ട് കുഞ്ഞാലി മരയ്ക്കാന്മാരുടെ സമരം എന്നിവയാണ് വിഷയങ്ങൾ.

കോട്ടയ്ക്കകം ശ്രീപാദം കൊട്ടാരത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മഹോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രേഖകൾ പുരാവസ്തു-പുരാരേഖാ വകുപ്പുകളുടെ ശേഖരത്തിലുണ്ടെന്നും ചരിത്രഗവേഷകരും വിദ്യാർഥികളും അവ പഠനവിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു. ഈ വകുപ്പുകളുടെ നേതൃത്വത്തിൽ 75 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യസമര സ്മരണയുണർത്തുന്ന ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻനായർ മുഖ്യപ്രസംഗം നടത്തി. നഗരസഭാംഗം എസ്.ജാനകി അമ്മാൾ, പുരാരേഖാവകുപ്പ് ഡയറക്ടർ ജെ.രജികുമാർ, മ്യൂസിയം വകുപ്പ് ഡയറക്ടർ എസ്.അബു, ചരിത്രപൈതൃക മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ.രാജേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് പുരാവസ്തു വകുപ്പ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.കാർത്തികേയൻ നായർ, കൗൺസിലർ ജാനകി അമ്മാൾ, പുരാരേഖാ വകുപ്പ് ഡയറക്ടർ രജികുമാർ ജെ., മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടർ എസ്.അബു, ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ., രാജേഷ് കുമാർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ തുടങ്ങിയവർ സമീപം