തിരുവനന്തപുരം: ചിറയിൻകീഴ് മുളമൂട് നെടുവേലി ദുർഗാദേവിക്ഷേത്രത്തിൽനിന്നു മോഷണംപോയ വിഗ്രഹങ്ങൾ റെയിൽവേ സ്റ്റേഷനുസമീപം അടഞ്ഞുകിടന്ന പച്ചക്കറിക്കടയിൽ കണ്ടെത്തി. മൂന്നുമാസത്തോളമായി അടച്ചിട്ടിരുന്ന പച്ചക്കറിക്കടയുടെ തട്ടിനടിയിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു വിഗ്രഹങ്ങൾ.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണംപോയ വിവരം അധികൃതർ അറിഞ്ഞത്. നിത്യപൂജ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ വൈകീട്ട് വിളക്ക് തെളിക്കാനെത്തിയ ക്ഷേത്രം നടത്തിപ്പുകാരാണ് മോഷണവിവരം പോലീസിൽ അറിയിച്ചത്.

പ്രധാന പ്രതിഷ്ഠയായ ദുർഗാദേവിയുടെ പഞ്ചലോഹവിഗ്രഹവും ഉപദേവതാ പ്രതിഷ്ഠയായ യക്ഷിയമ്മയുടെ ഓടിൽ തീർത്ത വിഗ്രഹവുമാണ് കളവുപോയത്.

ചിറയിൻകീഴ് പോലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു.

മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചതിനിടെയാണ് തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയവർ ചാക്കിൽ കെട്ടിയനിലയിൽ വിഗ്രഹങ്ങൾ കണ്ടെത്തിയത്.

പോലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് വിഗ്രഹങ്ങൾ പോലീസെത്തി കൊണ്ടുപോയി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു.

1977-ൽ ഈ ക്ഷേത്രത്തിൽനിന്നു ദുർഗാദേവിയുടെ ഇതേ വിഗ്രഹം മോഷ്ടാക്കൾ അപഹരിച്ചിരുന്നു.

അന്ന് ആറ്റിങ്ങൽ പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽനിന്നാണ് വിഗ്രഹം കണ്ടെടുത്തത്.