മാറനല്ലൂർ : പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയയാൾ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മേലാരിയോട് ആര്യശാലകോണം ഏലായ് വിളാകം മുകേഷ് വിലാസത്തിൽ സത്യൻ(58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടുകൂടിയാണ് വസ്തുത്തർക്കവുമായി ബന്ധപ്പെട്ടു പരാതി നൽകുന്നതിനായി സത്യൻ ബന്ധുവായ യുവാവിനൊപ്പം മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്.

പരാതി നൽകിയ ശേഷം കസേരയിൽ ഇരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചപ്പോൾ ഉടൻതന്നെ മാറനല്ലൂർ പോലീസ് ജീപ്പിൽ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ചു.

പരിശോധനയിൽ വിദഗ്ദ്ധചികിത്സ വേണമെന്ന ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാൾ ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ബീന.