തിരുവനന്തപുരം: അഞ്ചുവർഷത്തിലേറെയായി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയിരുന്ന കിഴക്കേക്കോട്ട-തമ്പാനൂർ-സെക്രട്ടേറിയറ്റ് ആകാശ നടപ്പാതയ്ക്ക് ജീവൻവെച്ചു തുടങ്ങി. പാതയുടെ വിശദമായ പദ്ധതി രൂപരേഖ(ഡി.പി.ആർ.) തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു.

കട്ടക്ക് ആസ്ഥാനമായുള്ള ആർകിടെക്‌നോ കൺസൾട്ടന്റ്സ് എന്ന കമ്പനിക്കാണ് രൂപരേഖ തയ്യാറാക്കാനുള്ള കരാർ ലഭിച്ചത്. ഇതിനുള്ള സ്ഥലപരിശോധന തുടങ്ങിക്കഴിഞ്ഞു.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

സെക്രട്ടേറിയറ്റ് അനക്‌സിന് സമീപത്തുനിന്ന്‌ എം.ജി.റോഡ് വഴി തമ്പാനൂർ വരെയും ഓവർബ്രിഡ്ജിൽ നിന്ന്‌ പദ്‌മനാഭസ്വാമി ക്ഷേത്രം വരെയുമാണ് നിലവിൽ റോഡിന് നടുവിലൂടെ മേൽനടപ്പാലം നിർമിക്കുന്നത്. ഈ വഴിയുടെ സാധ്യതാപഠനമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ഇതിന് നാലുമാസമാണ് അനുവദിച്ചിരുന്നത്. എന്നാൽ, മൂന്ന് മാസത്തിനുള്ളിൽ ഡിസംബറോടെ ഈ റിപ്പോർട്ട് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലൈറ്റ് മെട്രോയും ഇതുവഴി കടന്നുപോകുന്നുണ്ട്. മെട്രോയ്ക്കു കൂടി കടന്നുപോകാവുന്ന തരത്തിലായിരിക്കണം നിർമാണം. റെയിൽവേ, പുരാവസ്തു വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ അനുമതികളും വേണം.

ഇപ്പോൾ തീരുമാനിച്ച വഴിയിലൂടെ മേൽപ്പാലം നിർമാണം സാധ്യമാണെങ്കിൽ അടുത്ത ഘട്ടത്തിലേക്കു കടക്കാം. എന്നാൽ, ഇത് പ്രാവർത്തികമല്ലെങ്കിൽ പുതിയ രൂപരേഖ തയ്യാറാക്കേണ്ടി വരും. പ്രസ് റോഡ്- ഹൗസിങ് ബോർഡ് ജങ്ഷൻ അടക്കം മറ്റ് രണ്ടു വഴികളും പരിഗണനയിലുണ്ട്. പരമാവധി എം.ജി. റോഡിലുടെത്തന്നെ നടപ്പാലം നിർമിക്കാനാണ് ശ്രമം.

ആദ്യ സ്ഥലപരിശോധനാ റിപ്പോർട്ട് ആർകിടെക്‌നോ കെ.എസ്.ടി.പി.ക്കു കൈമാറിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായുള്ള ചർച്ചകളാണ് നടക്കുന്നത്. സാധ്യതാപഠന റിപ്പോർട്ട് തയ്യാറാക്കുന്നിന് മുമ്പ് വിവിധ വകുപ്പധികൃതരുടെ സാന്നിധ്യത്തിൽ കരട് അവതരിപ്പിച്ച് ചർച്ച നടത്തുമെന്നും കെ.എസ്.ടി.പി. ചീഫ് എൻജിനീയർ ഡാർലിൻ കാർമലീത്ത ഡിക്രൂസ് പറഞ്ഞു.

ഡി.പി.ആർ. തയ്യാറായാലും പദ്ധതി നടപ്പാക്കാൻ നിരവധി കടമ്പകൾ മുന്നിലുണ്ട്. പദ്ധതിക്കായി പണം കണ്ടെത്തുകയാണ് ഇതിൽ പ്രധാനം. കിഫ്ബി വഴി പണം കണ്ടെത്തണമെന്നാണ് പ്രാഥമിക ചർച്ചകളിൽ വന്ന നിർദേശം. പക്ഷേ, വൻ ചെലവു വരുന്ന പദ്ധതി ഇതേവരെ മെല്ലെപ്പോക്കിലായിരുന്നു.കാൽനടക്കാർക്ക് ഫുട്പാത്തുണ്ടെങ്കിലും ആളുകൾ റോഡുവഴിയാണ് നടക്കുന്നത്. ഇത് ഒരുപാട് അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്. പരമാവധി കാൽനടയാത്രക്കാർ ഫുട്പാത്തുകൾ തന്നെ ഉപയോഗിക്കണം.

എം.നജീബ്,

കടയുടമ, പുളിമൂട്

കരമന

ഇത്തരം ഒരു മേൽനടപ്പാലം വരുന്നത് നല്ലകാര്യമാണ്. തിരക്കു മാറണം, ജനങ്ങൾക്ക് അപകടമില്ലാതെ നടന്നുപോകാനുള്ള സൗകര്യവും വേണം.

രാമചന്ദ്രൻ തമ്പി,

ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരൻ

ശരിക്കും മേൽനടപ്പാലത്തിലൂടെ തന്നെ ആൾക്കാർ പോവുകയാണെങ്കിൽ റോഡിലെ തിരക്കു കുറയും. രാവിലെയും വൈകീട്ടുമുള്ള ഗതാഗതപ്രശ്‌നം പരിഹരിക്കുകയും ചെയ്യും.

നാഗരാജൻ,

ഓട്ടോറിക്ഷാ ഡ്രൈവർ

ആളുകൾ സിഗ്നൽ നോക്കാതെയാണ് റോഡുപോലും മുറിച്ചുകടക്കുന്നത്. ഇത്തരം ഒരു സംവിധാനം വന്നാൽ അപകടങ്ങൾ കുറയും.

പ്രദീപ്,

പ്രീ-പെയ്ഡ് ഓട്ടോ ഡ്രൈവർ, തമ്പാനൂർ

തൊഴിലധിഷ്ഠിതഡിപ്ലോമ കോഴ്സിന്അപേക്ഷ ക്ഷണിച്ചു

ശ്രീകാര്യം : തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ആരംഭിക്കുന്ന യു.ജി.സി. അംഗീകൃത തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

ലാംഗ്വേജ് കംപ്യൂട്ടിങ് ആൻഡ് ഓൺലൈൻ കൺടെന്റ് ഡിസൈനിങ്, വീഡിയോ പ്രൊഡക്ഷൻ ആൻഡ് ഓൺലൈൻ പ്രസന്റേഷൻ, ഓഷ്യൻ സ്റ്റഡീസ് ആൻഡ് മൈക്രോ ബയോളജി എന്നിവയാണ് കോഴ്സുകൾ.

ഒരു വർഷമാണ് കാലയളവ്. എസ്.സി./എസ്.ടി. വിദ്യാർഥികൾ ഫീസ് നൽകേണ്ടതില്ല. അപേക്ഷ https://forms.gle/b9tN5joZVNHMChB77എന്ന ലിങ്ക് വഴി സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25.