ചിറയിൻകീഴ്: ചിറയിൻകീഴ് പുളിമൂട്ടിൽക്കടവിൽനിന്ന്‌ കരിന്ത്വാക്കടവിലേക്കുള്ള റോഡ് തകർന്ന് ആറ്റിലേക്ക്‌ വീണിട്ട് പത്തുമാസം കഴിഞ്ഞു. 2020 സെപ്റ്റംബർ 21-നാണ് ശക്തമായ മഴയിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് റോഡിളകി വാമനപുരം ആറ്റിലേക്ക്‌ വീണത്. റോഡിടിയുന്നതിന് രണ്ടുവർഷം മുൻപ് എം.എൽ.എ. ഫണ്ടുപയോഗിച്ച് പാർശ്വഭിത്തി ബലപ്പെടുത്തി ടാർ ചെയ്ത റോഡാണ് മഴയെത്തുടർന്നു റോഡിടിഞ്ഞ് ആറ്റിൽപ്പതിച്ചത്. ഇതോടെ ഗതാഗതം അപകടാവസ്ഥയിലായി.

പുനരുദ്ധാരണം വൈകിയതോടെ പ്രദേശവാസികൾ ഈ വഴിതന്നെ വീണ്ടും ഉപയോഗിക്കാൻ തുടങ്ങി. പാർശ്വഭിത്തിയില്ലാത്തതിനാൽ അപകടമാണെന്നറിഞ്ഞിട്ടും നാട്ടുകാർക്ക് വേറെ വഴിയില്ലാത്തതിനാൽ പകുതിയോളം തകർന്ന റോഡിലൂടെയുള്ള യാത്രയിൽ രണ്ട് ജീവനുകൾ ഇവിടെ അപകടത്തിൽപ്പെട്ടു. ഈ റോഡിലൂടെയുള്ള യാത്രയിൽ കാർ ആറ്റിലേക്ക്‌ മറിഞ്ഞ് പരിസരവാസികളായ രണ്ട് സുഹൃത്തുക്കളാണ് ഇവിടെ മരിച്ചത്.

വേലിയേറ്റസമയമായതിനാൽ ആറ്റിലെ വെള്ളം ഉയർന്നനിലയിലുമായിരുന്നു. കാറിന്റെ ചില്ല് പൂർണമായും അടഞ്ഞിരുന്നതിനാൽ തലകീഴായി മറിഞ്ഞ കാറിൽനിന്ന് ഇരുവർക്കും രക്ഷപ്പെടാൻ കഴിഞ്ഞില്ല. ദാരുണമായ ഈ സംഭവത്തിനുശേഷംപോലും റോഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്കായില്ല. സമീപവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം ഒടുവിൽ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് വേലി നിർമിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ ആശ്രയമായ റോഡാണിത്. റോഡിന്റെ മധ്യഭാഗംവരെ തകർന്നനിലയിലായതിനാൽ സമീപത്തെ വീട്ടുകാരെല്ലാം അപകടഭീതിയിലാണ് നാളിതുവരെയും കഴിച്ചുകൂട്ടുന്നത്. ഗതാഗതം സാധ്യമല്ലാത്തതിനാൽ വാഹനങ്ങൾ വീട്ടിലെത്തിക്കാനോ പുറത്തിറക്കാനോ ഇവിടെയുള്ളവർക്ക് കഴിയുന്നില്ല.

വയോധികരും കുട്ടികളുമടങ്ങുന്ന സമീപവാസികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായിട്ടുകൂടി റോഡിന്റെ പുനരുദ്ധാരണത്തിന് കാലതാമസം വരുന്നതിൽ രോഷാകുലരാണ് നാട്ടുകാർ.അപകടഭീഷണി തുടരുന്നു

:റോഡിന്റെ പുനരുദ്ധാരണം വൈകുംതോറും ഞങ്ങൾ ഭീഷണിയിലാണ്. മാനത്ത് മഴക്കാറ് കാണുമ്പോൾ ഉറങ്ങാതെ കാവലിരുന്നാണ് നേരം വെളുപ്പിക്കുന്നത്. രണ്ടു മരണമാണ് ഇവിടെ നടന്നത്. ആറ്റിൽ വെള്ളം പെരുകുമ്പോൾ കരയിടിയുന്ന അവസ്ഥയിലാണ്. എത്രയുംവേഗം റോഡ് പുനർനിർമിക്കണമെന്നേ അധികൃതരോടു പറയാനുള്ളൂ.

ഭാസിനി, പുളിമൂട്ടിൽക്കടവ്.

ജീവനു ഭീഷണിയായിട്ടും നടപടി വൈകുന്നത് ശരിയല്ല

:പുളിമൂട്ടിൽക്കടവ്-കരിന്ത്വാക്കടവ് റോഡ് തകർന്ന് ഒരുവർഷമാകാറായിട്ടും റോഡ് പുനർനിർമിച്ച് സുരക്ഷയൊരുക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്ന അലംഭാവം ശരിയല്ല. രണ്ടു ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടും റോഡ് പുനർനിർമാണത്തിനുള്ള നടപടി വൈകുന്നത് നാട്ടുകാരോടുള്ള വെല്ലുവിളിയാണ്.

രാജീവ് സി.,ശാർക്കര