വെള്ളറട : കുന്നത്തുകാൽ-വെള്ളറട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റിപ്പൂമൂട് ആലിക്കോട്-ഡാലുംമുഖം-കരിക്കാമൻകോട് -ഇളന്തോട്ടം അരുവിയോട് റോഡിന്റെ നിർമാണം തുടങ്ങി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം.രാജ്‌മോഹൻ, ജെ.ഷൈൻകുമാർ, സി.ജ്ഞാനദാസ്, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
മലയോരമേഖലയിലെ പ്രധാന ഇടറോഡുകളിൽ ഉൾപ്പെട്ട ഈ റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലാണ്. കാൽനടയാത്രപോലും ദുരിതമായ റോഡിൽ പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ട്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളെത്തുടർന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ. പ്രശ്നത്തിൽ ഇടപെട്ടു.
ജില്ലാപ്പഞ്ചായത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ സമർപ്പിച്ച പ്രൊപ്പോസൽ പ്രകാരം പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി 3.91 കോടി രൂപ അനുവദിക്കുകയായിരുന്നു. മുന്നു മീറ്റർ വീതിയിൽ ടാറിങ് നടത്തി നവീകരിക്കുന്ന ഈ റോഡിൽ കലുങ്കുകളും ഓടകളും നിർമിക്കും.