കഴക്കൂട്ടം : ഇംഗ്ലീഷ് ഇന്ത്യ ക്ലേസ് ലിമിറ്റഡിലെ (ഇ.ഐ.സി.എൽ.) തൊഴിൽപ്രശ്നങ്ങളെപ്പറ്റി മൂന്നുമന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന രണ്ടാമത്തെ ചർച്ചയിലും തീരുമാനമുണ്ടായില്ല. വേളിയിലെ ഫാക്ടറി വീണ്ടും പ്രവർത്തിപ്പിക്കുന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്ന നിലപാട് മാനേജ്‌മെന്റ് ആവർത്തിച്ചു.
കമ്പനി ഡയറക്ടർ ബോർഡ് ഫെബ്രുവരി 19-ന് യോഗം ചേരുമ്പോൾ അത് ആലോചിച്ചേക്കുമെന്ന് അവർ അറിയിച്ചു. ആ സാഹചര്യത്തിൽ, ഫെബ്രുവരി 24-ന് വീണ്ടും ചർച്ച നടത്താമെന്നു തീരുമാനിച്ചാണ് ബുധനാഴ്ച രാത്രി നടന്ന ചർച്ച അവസാനിപ്പിച്ചത്.
ആറുമാസമായി പ്രവർത്തിപ്പിക്കാത്ത ഫാക്ടറിയിലെ തൊഴിലാളികൾക്കു ജീവിക്കാൻ തത്കാലം ആശ്വാസധനമെങ്കിലും നല്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. അതേപ്പറ്റി ഒരാഴ്ചയ്ക്കകം അനുകൂല നിലപാട് അറിയിച്ചില്ലെങ്കിൽ കമ്പനിക്കെതിരേ സർക്കാർ നിയമപരമായ നടപടി എടുക്കുമെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നല്കി.
ജനുവരി 12-നുനടന്ന ചർച്ചയിലെപ്പോലെതന്നെ വ്യവസായമന്ത്രി ഇ.പി.ജയരാജൻ, തൊഴിൽവകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെയും ലേബർ കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ബുധനാഴ്ച ചർച്ച നടന്നത്. കമ്പനി സി.ഇ.ഒ. ഭോജ് വാലിയും പങ്കെടുത്തു.
ഐ.എൻ.ടി.യു.സി. യൂണിയനുവേണ്ടി എം.എ.വാഹിദ്, മണക്കാട് ചന്ദ്രൻകുട്ടി, സി.ഐ.ടി.യു.വിനുവേണ്ടി എസ്.എസ്.പോറ്റി, ഡി.മോഹനൻ, ബി.എം.എസിനുവേണ്ടി ജയകുമാർ എന്നിവർ പങ്കെടുത്തു. ഫാക്ടറി പ്രവർത്തിപ്പിക്കാത്ത കാലത്ത് നിയമപ്രകാരം കൊടുക്കേണ്ട വേതനം തൊഴിലാളികൾക്കു കൊടുക്കാൻ കമ്പനി ബാധ്യസ്ഥരാണെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും ഓർമ്മിപ്പിച്ചു. അതിന് ഇപ്പോൾ കഴിയില്ലെന്ന മാനേജ്‌മെന്റ് നിലപാടിനെത്തുടർന്നാണ് ആശ്വാസധനം കൊടുക്കണമെന്ന് ആവശ്യപ്പെട്ടത്.