നേമം : മഴക്കെടുതി കാരണം വീടുകളിൽ കഴിയാനാകാതെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർക്ക് ആശ്വാസവാക്കുകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിലെ വെള്ളായണി എം.എൻ.എൽ.പി. സ്കൂളിലാണ് ചൊവ്വാഴ്ച രാവിലെ ഗവർണർ എത്തിയത്.

ഗവർണർ സ്കൂൾ മുറികളിൽ കഴിയുന്നവരെ നേരിൽക്കണ്ട് കാര്യങ്ങൾ തിരക്കി. വർഷത്തിൽ രണ്ടുതവണയെങ്കിലും ക്യാമ്പിൽ കഴിയേണ്ടിവരുന്ന ദുരിതത്തെക്കുറിച്ച് പലരുംപറഞ്ഞു. ക്യാമ്പിൽ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും വസ്ത്രങ്ങൾ വേണമെന്ന ആവശ്യം ക്യാമ്പിലുള്ളവർ ഗവർണറോട് പറഞ്ഞു. അക്കാര്യം അപ്പോൾത്തന്നെ കൂടെയുണ്ടായിരുന്ന ജില്ലാ കളക്ടർ നവജോത് ഖോസയുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളായണിക്കായലിൽനിന്നാണ് വെള്ളം കരകവിഞ്ഞ് ഈ പ്രദേശത്തെ വീടുകളിലും കൃഷിയിടങ്ങളിലും കയറുന്നത്.

വെള്ളായണി ആറാട്ടുകടവിൽ താമസിക്കുന്ന അൻപതോളം പേർ ക്യാമ്പിലുണ്ടായിരുന്നു. വെള്ളായണി കായലിലെ മണ്ണ് നീക്കി ആഴം കൂട്ടുന്നതിന് പദ്ധതി സമർപ്പിക്കാൻ എം.വിൻസെന്റ് എം.എൽ.എ.യോട് ഗവർണർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പിലാക്കാൻ സഹായിക്കാമെന്ന് ഗവർണർ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ, ജില്ലാപ്പഞ്ചായത്തംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരുണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പ് സന്ദർശനത്തിനുശേഷം വെള്ളായണിയിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി ഉദ്യോഗസ്ഥരുമായി ഗവർണർ കൂടിയാലോചനകൾ നടത്തി.

നബാർഡ് അനുവദിച്ച ഒൻപതുകോടി രൂപയുടെ പദ്ധതി എത്രയുംവേഗത്തിൽ നടപ്പിലാക്കണമെന്നാണ് പൊതുവികാരമായി ചർച്ചയിൽ ഉയർന്നുവന്നത്. അരമണിക്കൂർ നീണ്ടുനിന്ന സന്ദർശനത്തിനുശേഷം ഗവർണർ മടങ്ങി.