നെടുമങ്ങാട്: ജില്ലയിലെ സപ്ലൈക്കോയുടെ എട്ട് ഗോഡൗണുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നെടുമങ്ങാട് ഗോഡൗണിൽ 1000 ചാക്ക് ഉപയോഗശൂന്യമായ അരി കണ്ടെത്തി. പൊതുവിപണിയിൽ ഇതിന് 20 ലക്ഷം രൂപയിലധികം വില വരും. ഗുണനിലവാരമുള്ള കസ്റ്റം മിൽഡ് റൈസ് വിഭാഗത്തിൽപ്പെട്ട കുത്തരിയാണ് പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. പുതുക്കുളങ്ങര, പുലിപ്പാറ ഗോഡൗണുകളിൽനിന്നുമാണ് ഇത്രയധികം പുഴുവരിച്ച അരി കണ്ടെത്തിയത്. വെഞ്ഞാറമൂട് ചന്തയോടു ചേർന്നുള്ള ഗോഡൗണിൽ കയറാനാകാത്തവിധമാണ് അരിച്ചാക്ക് കൂട്ടിയിട്ടിരിക്കുന്നത്. ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിലും ടൺകണക്കിന് അരി പാഴായിപ്പോയിട്ടുണ്ടെന്ന് സംഘം വിലയിരുത്തുന്നു. അകത്തു കയറി പരിശോധിക്കാനാകാത്തതിനാൽ ഗോഡൗൺ സീൽചെയ്ത് സംഘം മടങ്ങി.
കണക്കിൽപ്പെടാത്ത 180 ചാക്ക് കുത്തരി നെടുമങ്ങാട് ഗോഡൗണിൽ കണ്ടെത്തി. 190 ചാക്ക് പച്ചരിയുടെ കുറവും കണക്കുകളിലുണ്ട്. ഇത് മറിച്ചുവിറ്റതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയതുറയിലും മേനംകുളത്തും നടത്തിയ പരിശോധനയിൽ 1200ചാക്ക് അരിയുടെയും 700 ചാക്ക് പഞ്ചസാരയുടെയും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാര കൊണ്ടുവന്ന തീയതി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗോഡൗണിൽ ഈ പഞ്ചസാര കണ്ടെത്താനായില്ല. ഈ-ടെണ്ടർവഴി അരിയും സാധനങ്ങളും വിതരണം ചെയ്ത കരാറുകാരൻ പണം കിട്ടാത്തതിനെത്തുടർന്ന് വിജിലൻസിനും സപ്ലൈക്കോയ്ക്കും നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന.
നെടുമങ്ങാട് ഗോഡൗണിൽനിന്ന് മൂന്ന് ലോഡ് അരിയും തുവരപ്പരിപ്പും ഉഴുന്നും പയറും കരിഞ്ചന്തയിൽ വിറ്റതാണ് ആദ്യം കണ്ടെത്തിയത്. ഇതിനിടയിൽ തിരുവനന്തപുരം റീജണിലെ ചില ഗോഡൗണുകളിൽ ക്രമക്കേടും ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എട്ടു ഗോഡൗണുകളിൽ ഒരേസമയം പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നെടുമങ്ങാട് ഗോഡൗൺ മാനേജർ ഗിരീഷ്ചന്ദ്രൻനായരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഈ മാസം ഒന്നിന് ആരംഭിച്ച പരിശോധന എട്ടാംതീയതി രാത്രിയോടെയാണ് അവസാനിച്ചത്. ജില്ലയിലെ അഞ്ചു സപ്ലൈ ഓഫീസർമാരും മുപ്പതിലധികം ജീവനക്കാരുമാണ് നെടുമങ്ങാട്ടെ പരിശോധനയ്ക്കു നേതൃത്വം നൽകിയത്.
ജീവനക്കാരില്ലാത്തത് പ്രധാനപ്രശ്നം
ജീവനക്കാരുടെ കുറവാണ് ക്രമക്കേട് വർധിക്കുന്നതിനു പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. ശാസ്ത്രീയമായി സുരക്ഷിതയിടങ്ങളിൽ ഗോഡൗണുകളാരംഭിക്കുക, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, ക്വാളിറ്റി മാനേജർമാരുടെ എണ്ണം കൂട്ടുക എന്നീ നിർദേശങ്ങളാണ് പരിശോധകസംഘം മുന്നോട്ടുവയ്ക്കുന്നത്.
Content Highlights: Supplyco Warehouse, 20 lakh worth of rice destroyed