കാട്ടാക്കട : നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലേക്കുള്ള റോഡ് ചെളിക്കളമായി.

പൊട്ടിപ്പൊളിഞ്ഞ് കുഴിയായ റോഡിലൂടെ നടന്നോ, വാഹനത്തിലോ എത്താനാവാത്ത അവസ്ഥയാണ്. സിവിൽ സ്റ്റേഷനിലേക്കെത്താൻ 25 ലക്ഷത്തോളം രൂപ ചെലവിട്ട് അഞ്ചുവർഷത്തിന് മുമ്പ് തോടിന്റെ വരമ്പ് വീതികൂട്ടി പണിത 200 മീറ്ററോളം വരുന്ന റോഡാണിത്.

ഒരു വശം വയലും, മറുഭാഗം തോടും ആയ ഇവിടെ തുടർച്ചയായുള്ള മഴയിൽ വെള്ളം നിറഞ്ഞതോടെ റോഡേത് തോടേത് എന്ന് തിരിച്ചറിയാനാവില്ല.

രണ്ടു വർഷത്തോളമായി പൊളിഞ്ഞുകിടക്കുന്ന ഈ വഴിയിലൂടെ ടാക്സി, ഓട്ടോറിക്ഷ എന്നിവ സവാരി വിളിച്ചാൽ പോകാറില്ല.

ഒരേസമയം നൂറുകണക്കിനാളുകൾ ഒത്തുചേരുന്ന സിവിൽ സ്റ്റേഷനിൽ ഒരു അപകടം ഉണ്ടായാൽ അഗ്നിരക്ഷാ സേനയ്ക്ക് പോലും എത്താനാവില്ല.

സിവിൽ സ്റ്റേഷനിലേക്ക്‌ കാട്ടാക്കട ചന്തയിലൂടെ വഴി കൂടി തുറന്നെങ്കിലും കാട് കയറിയ സ്ഥിതിയിലുള്ള ഇതുവഴി ഇഴജന്തുക്കളെ ഭയന്ന് ആരും നടക്കില്ല. സിവിൽ സ്റ്റേഷനിലേക്ക് ചന്തയുടെ ഉള്ളിലൂടെ ഒരു റോഡ് കൂടെ പണിത് ഒറ്റവരി ഗതാഗതം നടപ്പാക്കണം എന്ന ആവശ്യവുമായി സമരങ്ങൾ അരങ്ങേറിയിട്ടും തുടർനടപടി ഉണ്ടായിട്ടില്ല. നിലവിലെ റോഡ് അറ്റകുറ്റപ്പണി എങ്കിലും ചെയ്യണമെന്ന ആവശ്യത്തിനും പരിഹാരമില്ല.