തിരുവനന്തപുരം : വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. മന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു.

നവംബർ 12 മുതൽ 21 വരെയാണ് തിരുനാൾ. കുർബാനയ്ക്ക് ഒരുസമയം പങ്കെടുക്കുന്നവരുടെ എണ്ണം 400 ആയി ക്രമീകരിക്കും. ഒരുദിവസം ആറ്‌ കുർബാനകൾ നടത്തും. കഴിഞ്ഞ വർഷത്തെപ്പോലെ വഴിയോരക്കച്ചവടത്തിനും കടൽത്തീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. പന്ത്രണ്ടാം തീയതി ഉച്ചയ്ക്ക് മൂന്നിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും.

ട്രാഫിക് ക്രമീകരണത്തിന് പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യവും ഉറപ്പാക്കും. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തും. ഘോഷയാത്രയിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. െവാളന്റിയർമാർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം. വിശ്വാസികളും കോവിഡ് വാക്‌സിൻ എടുക്കണം. കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാകും ക്രമീകരണങ്ങൾ. ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസയും വിവിധ വകുപ്പ് പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.