വിതുര : മുള മുറിക്കുന്നതിന് ഞായറാഴ്ച വാമനപുരം ആറ്റിന്റെ തീരത്തുപോയ ആളിനെ കാണാനില്ലെന്നു പരാതി. ഒഴുക്കിൽപ്പെട്ടതായാണ് സംശയം. വിതുര ആനപ്പാറ അവാർഡു ഗ്രാമത്തിൽ ബിനു(50)വിനെയാണ് കാണാതായത്.

ഏണിയുണ്ടാക്കുന്നതിന് മുള മുറിക്കാനായി ആനപ്പാറ തലത്തൂതക്കാവ് വയ്ക്കഞ്ചി കടവിലേക്ക് പോയ ബിനുവിന്റെ വസ്ത്രങ്ങളും ചെരിപ്പും കരയിൽ കണ്ടെത്തി.

ഞായറാഴ്ച രാവിലെയാണ് ബിനു മുള മുറിക്കാൻ വയ്ക്കഞ്ചി കടവിലേക്ക് പോയതെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ, വെള്ളം കൂടുതലായതിനാൽ തിരികെ വന്നു. ഉച്ചയ്ക്കു ശേഷം ഇയാൾ വീണ്ടും ആറിന്റെ തീരത്തേക്ക് പോയി. തിങ്കളാഴ്ച ഉച്ചയായിട്ടും തിരികെ വരാത്തതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വസ്ത്രങ്ങളും ചെരിപ്പും കണ്ടത്. അഗ്നിരക്ഷാസേനാംഗങ്ങൾ വൈകീട്ട് 4.30 മുതൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെളിച്ചക്കുറവും കാരണം സന്ധ്യയോടെ നിർത്തി. തിരച്ചിൽ ചൊവ്വാഴ്ച രാവിലെ തുടരും.