നെയ്യാറ്റിൻകര : മഴയ്ക്ക് ശമനമായതോടെ തിങ്കളാഴ്ച നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്ററായി താഴ്ത്തി. കഴിഞ്ഞ ദിവസം നെയ്യാർ കരകവിഞ്ഞൊഴുകിയ പ്രദേശങ്ങളിൽ നിന്നെല്ലാം വെള്ളമിറങ്ങിത്തുടങ്ങി. താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 പേർ തുടരുകയാണ്. വെള്ളം കയറിയ വീടുകൾ ശുചീകരിക്കുന്നത് വീട്ടുകാർക്ക് ഏറെ ശ്രമകരമായിരിക്കുകയാണ്.

ശനിയാഴ്ച രാത്രിയാണ് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 150 സെന്റീ മീറ്ററായി ഉയർത്തിയത്. ഇതിനെത്തുടർന്ന് നെയ്യാർ കരകവിഞ്ഞൊഴുകി താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലായി. വീടുകളിൽ വെള്ളം കയറിയതു കാരണം ഞായറാഴ്ച 42 കുടുംബങ്ങളിലെ 146 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.

വെള്ളം പിൻവലിഞ്ഞു തുടങ്ങിയെങ്കിലും ചില പ്രദേശങ്ങളിലെ വെള്ളക്കെട്ട് മാറിയിട്ടില്ല.

മൂഴിയാൻതോട്ടം, ചെമ്പരത്തിവിള, പാലക്കടവ്, രാമേശ്വരം, ഓലത്താന്നി, നാരകംകുഴി, പാതിരിശ്ശേരി, കല്ലുവെട്ടി എന്നിവിടങ്ങളിൽ ഇനിയും വെള്ളക്കെട്ട് മാറിയിട്ടില്ല.

ഇവിടങ്ങളിലെ ആൾക്കാരെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുകയാണ്. ക്യാമ്പുകളിൽ 30 വീടുകളിലെ 49 പേർ മാത്രമാണ് തിങ്കളാഴ്ച ഉണ്ടായിരുന്നത്.

വെള്ളക്കെട്ട് മാറിയ പ്രദേശങ്ങളിൽ വീടുകൾ വൃത്തിയാക്കുന്ന ജോലിയിലായിരുന്നു കഴിഞ്ഞദിവസം വീട്ടുകാരും നാട്ടുകാരും.

ചെളിയും മലിനജലവുംകൊണ്ട്‌ മുങ്ങിയ വീടുകൾ വൃത്തിയാക്കേണ്ട അവസ്ഥയാണ്. വെള്ളക്കെട്ടുണ്ടായ പൊതുസ്ഥലങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

രാമേശ്വരം, പാലക്കടവ്, കണ്ണംകുഴി എന്നിവിടങ്ങളിലെ പൊതുനിരത്തുകളിലെ ചെളിക്കെട്ട് അഗ്നിരക്ഷാസേനയുടെ നെയ്യാറ്റിൻകര യൂണിറ്റിലെ ജീവനക്കാരെത്തി വൃത്തിയാക്കി.

ക്യാമ്പിലുണ്ടായിരുന്നവരെ വീടുകളിൽ എത്തിച്ചു

പൂവാർ : മഴ കുറഞ്ഞതോടെ പൂവാർ, തിരുപുറം പഞ്ചായത്തുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചു. നെയ്യാറിലെ ജലനിരപ്പ് താഴ്ന്നതിനാൽ കഞ്ഞാംപഴിഞ്ഞി, തെറ്റിക്കാട് പ്രദേശത്തെ വീടുകൾക്ക് ചുറ്റും കയറിയ വെള്ളം പിൻവലിഞ്ഞു. ക്യാമ്പിൽ ഉണ്ടായിരുന്നവരെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തിരിച്ച് വീടുകളിലേക്ക് എത്തിച്ചു. തിരുപുറം ഗവ. ഹൈസ്‌കൂളിൽ തിരുപുറത്തെ 28 കുടുംബങ്ങളിലെ 68 പേരെയും പൂവാർ തെറ്റിക്കാടുള്ള 12 കുടുംബങ്ങളെ പൂവാർ ഗവ. ഹൈസ്‌കൂളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. തിങ്കളാഴ്ച രാവിലെയോടെ തന്നെ വെള്ളം തിരിച്ചിറങ്ങിത്തുടങ്ങിയിരുന്നു. പൂവാർ തെറ്റിക്കാട് പ്രദേശത്തെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടത്തെ 20ലേറെ വീടുകളിൽ വെള്ളംകയറിയിരുന്നു. വെള്ളംകയറിയ വീടുകൾ പഞ്ചായത്തും സന്നദ്ധപ്രവർത്തകരും ചേർന്ന് ശുചീകരിച്ചു.