തിരുവനന്തപുരം : നെട്ടയത്തിനടുത്ത് കുറേക്കാലം മുമ്പു വാങ്ങിയ ഒൻപത്‌ സെന്റ്‌ ഭൂമിയിൽ ചെറിയൊരു വീടുവച്ച് ഭാവിയിൽ താമസമാക്കുന്ന കാര്യം താണു പദ്‌മനാഭന്റെ പരിഗണനയിലുണ്ടായിരുന്നുവെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അനുസ്മരിച്ചു.

കേരളത്തിൽ ലോകനിലവാരത്തിലുള്ള ഒരു ശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാന ഗവൺമെന്റിന്റെ പിന്തുണയോടെ സ്ഥാപിക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

ശാസ്ത്രപ്രചാരണത്തിൽ തത്‌പരനായ അദ്ദേഹം ഇരുനൂറിലേറെ ജനകീയ ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘ഭൗതികത്തിന്റെ കഥ’ എന്നപേരിൽ കുട്ടികൾക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്.

2006-ലെ എൽ.ഡി.എഫ്. മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു.

‘ഇത് വലിയൊരു അംഗീകാരമാണെങ്കിലും തത്‌കാലം ഗവേഷണ പരിപാടികൾ തുടരാൻ അനുവദിക്കണം' എന്ന് അപേക്ഷിക്കുകയാണ്‌ ചെയ്തത്. കഴിഞ്ഞ ദിവസവും അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വാസന്തിയെ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ലെന്നും എം.എ.ബേബി പറഞ്ഞു.