കല്ലമ്പലം : കല്ലമ്പലം ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിക്കാത്തതിൽ കോൺഗ്രസ്‌ -യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌-യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ ചൂട്ട് കത്തിച്ചാണ് പ്രതിഷേധിച്ചത്.

ദിവസങ്ങളായി കല്ലമ്പലം ജങ്ഷൻ കൂരിരുട്ടിലാണ്. ലൈറ്റിന്റെ തകരാർ പരിഹരിക്കുന്നതിന്‌ അധികൃതരോട് വ്യാപാരികളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല. ആറ്റിങ്ങൽ ഭാഗത്തേക്കു പോകുന്നതിനുള്ള ബസ് സ്റ്റോപ്പും ലൈറ്റിനു സമീപത്തായതിനാൽ വാഹനയാത്രക്കാരോടൊപ്പം ബസ് കാത്തിരിപ്പുകാരും ഏറെ ബുദ്ധിമുട്ടിലാണ്.

തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് ചാങ്ങാട്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ അജ്മൽ, കെ.ഹരിലാൽ, അനന്ദു ചാത്തമ്പാറ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.