മലയിൻകീഴ് : കനത്ത മഴയിൽ കരമനയാറ്റിൽ വെള്ളമുയർന്നതോടെ സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളക്കെട്ടിലായി. മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി. വിളവൂർക്കൽ പഞ്ചായത്തിൽ ചൂഴാറ്റുകോട്ട, വിഴവൂർ വാർഡുകളിൽ മൂന്ന് ഏക്കർ കൃഷിയിടം വെള്ളം കയറി നശിച്ചു. വാഴ, മരച്ചീനി, പച്ചക്കറി കൃഷികളാണ് വെള്ളക്കെട്ടിലായത്. വിളപ്പിൽ പഞ്ചായത്തിൽ കുണ്ടമൺകടവ്, പിറയിൽ, തിരുനെല്ലിയൂർ പ്രദേശങ്ങളിൽ വെള്ളം കയറി. മലയിൻകീഴിൽ മണപ്പുറം, കൃഷ്ണപുരം ഏലായിൽ വെള്ളം കയറി വാഴക്കൃഷിക്കു നാശമുണ്ടായി. വിളവൂർക്കൽ മൂലമൺ വാർഡിൽ എഫ്.രാജന്റെ(54) ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു.

അപകടസമയത്തു വീട്ടിൽ ആളില്ലായിരുന്നു. മലയിൻകീഴിൽ ആളിയോട്ടുകോണം-നാഗമണ്ഡലം റോഡിൽ വെള്ളം കയറിയത് ആശുപത്രിയാത്രക്കാരെ വലച്ചു.