കാട്ടാക്കട : കനത്ത മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി കൃഷിക്കു നാശം. നെയ്യാർ കരകവിഞ്ഞൊഴുകി ചായ്ക്കുളത്ത് വിഷ്ണുവിന്റെ വാഴത്തോപ്പും മരച്ചീനി കൃഷിയും നശിച്ചു. 500-ലേറെ ഏത്തവാഴകൾ, 60 സെന്റിലെ പകുതിപ്രായമായ മരച്ചീനിയും വെള്ളം കൊണ്ടുപോയി. പൂവച്ചൽ പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ ആളാണ് വിഷ്ണു. മൂഴി-കല്ലംപൊറ്റ റോഡിലും മണ്ഡപത്തിൻകടവ് റോഡിലും നെയ്യാർ കരകവിഞ്ഞൊഴുകി വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പെട്രോൾ പമ്പ്, തമ്പുരാൻ ക്ഷേത്രം റോഡ്, ചന്തനട എന്നിവിടങ്ങളിലും വെള്ളം കയറി. ഗ്രാമപ്പഞ്ചായത്ത് അധികൃതരെത്തി വെള്ളം തുറന്നുവിട്ട് ഗതാഗതം പുനഃസ്ഥാപിച്ചു.

കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ നാഞ്ചല്ലൂർ ഏലായും പരിസരവും വെള്ളത്തിലായി. കുച്ചപ്പുറം, കുരുതംകോട് പ്രദേശത്തേക്കും നാഞ്ചല്ലൂർ ക്ഷേത്ര പരിസരത്തേക്കും പോകാൻ കഴിയാത്ത വിധം ഏലായും റോഡും ഒന്നായി. അരയ്‌ക്കൊപ്പം വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കുറ്റിച്ചൽ പഞ്ചായത്തിലും നിലമ, പരുത്തിപ്പള്ളി, പേഴുംമൂട്, ഉത്തരംകോട്, കോട്ടൂർ, വാഴപ്പള്ളി പ്രദേശങ്ങളിലും തോടുകൾ കരകവിഞ്ഞ് താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൃഷിനാശവുമുണ്ട്. കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാർഡാമിനു സമീപം അനിൽകുമാറിന്റെ വീടിന്റെ മുന്നിലുണ്ടായിരുന്ന കിണർ ഇടിഞ്ഞുതാണു.

മുള്ളിലവിൻമൂട് പൂച്ചക്കണ്ണി വയലിന് സമീപം വെള്ളക്കെട്ടു കാരണം അനേകം വീട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ ജെ.സി.ബി. ഉപയോഗിച്ച് വെള്ളം പുറത്തേക്ക്‌ ഒഴുക്കിയതോടെ പ്രശ്‌നത്തിനു പരിഹാരമായി. മഴയിൽ കുറ്റിച്ചൽ പഞ്ചായത്തിലുൾപ്പടുന്ന കോട്ടൂർ അഗസ്ത്യവനപ്രദേശത്ത് നീർച്ചാലുകളിലുൾപ്പെടെ ശക്തമായ നീരൊഴുക്കായതോടെ വനപ്രദേശം ഒറ്റപ്പെട്ടു.

വനമേഖലയ്ക്ക് ഉള്ളിലേയ്ക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്കും വനംവകുപ്പ് അധികൃതർ നിയന്ത്രണമേർപ്പെടുത്തി.