മരക്കൊമ്പുകൊണ്ട് റോഡിൽ തടസ്സം സൃഷ്ടിച്ച് പോലീസ്

തടസ്സം മറികടന്ന് വാഹനങ്ങൾ

പാറശ്ശാല : ആവശ്യത്തിന് ബാരിക്കേഡുകളില്ലാത്തത് അതിർത്തി പ്രദേശത്തെ ചെറു റോഡുകൾ അടയ്ക്കുന്നതിന് പോലീസിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ട്രിപ്പിൾ ലോക്‌ഡൗണിന്റെ ഭാഗമായി അതിർത്തിയോടു ചേർന്നുള്ള ചെറുപാതകൾ വരെ അടയ്ക്കേണ്ടി വന്നു. ഇതാണ് പോലീസിന് ബാരിക്കേഡുകളുടെ ക്ഷാമത്തിന് കാരണമായത്.

അതിർത്തിപ്രദേശത്തുള്ള പ്രധാന റോഡുകളെല്ലാം തന്നെ ബാരിക്കേഡുകൾകൊണ്ട് പഴുതില്ലാതെ അടയ്ക്കുവാൻ സാധിച്ചിട്ടുണ്ട്.

പലയിടങ്ങളിലും ബാരിക്കേഡുകളില്ലാത്തതിനാൽ മറ്റ് സാധനങ്ങൾ കൊണ്ട് തടസ്സം സൃഷ്ടിക്കേണ്ട ഗതികേടിലാണ് പാറശ്ശാല പോലീസ്.

ചെങ്കവിള, കൊല്ലങ്കോട് പ്രദേശത്തുനിന്ന് പാറശ്ശാലയിലേക്കുള്ള പ്രധാന പാതയിൽ മുണ്ടപ്ലാവിളയിൽ ബാരിക്കേഡുകളില്ലാത്തതിനാൽ മരക്കൊമ്പുകൾ വെട്ടി റോഡിൽ പോലീസിന് തടസ്സം സൃഷ്ടിക്കേണ്ടി വന്നു.

ലഭ്യമായ മരക്കൊമ്പുകൾ കൊണ്ട് റോഡ് പൂർണമായും അടയ്ക്കുവാൻ സാധിക്കാതെ വന്നതോടെ റോഡരികിൽ സൂക്ഷിച്ചിരുന്ന കോവിഡ് ജാഗ്രതാ ബോർഡുംകൂടി സ്ഥാപിച്ചാണ് പോലീസ് റോഡിൽ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.

എന്നാൽ, ഈ തടസ്സങ്ങളൊന്നും തന്നെ ഇതുവഴി എത്തുന്ന ഇരുചക്രവാഹനയാത്രക്കാരെ ബാധിക്കുന്നില്ല. മരക്കൊമ്പുകൾ കൊണ്ടുള്ള തടസ്സങ്ങൾക്കിടയിലൂടെ ഇടം കണ്ടെത്തി ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ചെറുവാരക്കോണത്തെ ചെക്ക്‌പോസ്റ്റിൽ പോലീസ് തടഞ്ഞ് മടക്കി അയയ്ക്കുന്ന പലരും മുണ്ടപ്ലാവിള വഴി പാറശ്ശാലയിലേക്ക് കടക്കുന്നുണ്ട്.

ചെറുവാരക്കോണം ജങ്ഷനിലെ തന്നെ മറ്റൊരു സമാന്തര പാതവഴിയും പോലീസിനെ കബളിപ്പിച്ച് ഇരുചക്രവാഹനങ്ങൾ സുഗമമായി കടന്ന് പോകുന്നുണ്ട്.

നിസ്സഹായരായി നോക്കിനിൽക്കുകയാണ് ചെക്ക്‌പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥർ. ആവശ്യത്തിന് ബാരിക്കേഡുകൾ ലഭിക്കാത്തതാണ് പോലീസിന് ഇത്തരം ചെറുറോഡുകൾ പൂർണമായും അടയ്ക്കുവാൻ സാധിക്കാത്തതിന് പിന്നിൽ.

പോലീസ് സ്‌റ്റേഷനിൽ ലഭ്യമായതും, ബൈപ്പാസ് നിർമാണ കമ്പനിയുടെയും എ.ആർ.ക്യാമ്പിലെയും ബാരിക്കേഡുകൾ ഉപയോഗിച്ചുമാണ് പോലീസ് നിലവിൽ റോഡുകളിൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.