വർക്കല : താലൂക്കിൽ കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലൻസ് ജീവനക്കാർ അമിതകൂലി ഈടാക്കുന്നതായി പരാതിയുയർന്നതിനെത്തുടർന്ന് ഡെപ്യൂട്ടി കളക്ടർ ആൻഡ് ഇൻസിഡെന്റ് കമാൻഡർ ടി.ആർ.അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ താലൂക്കോഫീസിൽ ആംബുലൻസ് ഡ്രൈവർമാരുടെ യോഗം ചേർന്നു. രോഗികളെ കൊണ്ടുപോകുന്നതിനു സർക്കാർ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ തുക ഈടാക്കിയാൽ കർശന നിയമനടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി കളക്ടർ യോഗത്തിൽ അറിയിച്ചു.

മിനിമം ചാർജിനു പുറമേ ദൂരത്തിന് അനുസൃതമായി കിലോമീറ്ററിന് നിശ്ചയിക്കപ്പെട്ട തുകയും ജീവനക്കാർ ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റുകൾക്ക് സർക്കാർ നിജപ്പെടുത്തിയ തുകയും മാത്രമേ ഈടാക്കാവൂ എന്നും രോഗികളോടും ബന്ധുക്കളോടും മാന്യമായി പെരുമാറണമെന്നും യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.

വർക്കല ജോയിന്റ് ആർ.ടി.ഒ. എസ്.ബിജു, തഹസിൽദാർ പി.ഷിബു, ഭൂരേഖാ തഹസിൽദാർ എസ്.ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.