പാറശ്ശാല : ട്രിപ്പിൾ ലോക്‌ഡൗണിന്റെ ഭാഗമായി പാറശ്ശാലയിൽ തമിഴ്‌നാട് അതിർത്തിപ്രദേശത്ത് പഴുതില്ലാതെ റോഡുകൾ അടച്ച് പോലീസ്. എന്നാൽ, കർശന നിയന്ത്രണത്തിനിടയിലും പ്രധാന പാതകളോടു ചേർന്നുള്ള ഇടറോഡുകൾവഴി പലരും കേരളത്തിലേക്ക് കടക്കുന്നുണ്ട്.

ഇഞ്ചിവിളയിൽക്കൂടി മാത്രമാണ് കേരളത്തിലേക്ക് പ്രവേശം അനുവദിച്ചിട്ടുളളത്. ഇ-പാസും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമുള്ളവരെയുമാണ് കടത്തിവിടുന്നത്. മറ്റു പാതകളെല്ലാം ഞായറാഴ്ച രാത്രി ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് അടച്ചു. കളിയിക്കാവിള-പൂവാർ പാതയിലെ ചെറുവാരക്കോണം ജങ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

കൊല്ലങ്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. കേരളത്തിലേക്കുള്ള വാഹനങ്ങളെ ഇഞ്ചിവിളവഴി തിരിച്ചുവിടുകയാണ്. പാറശ്ശാല-വെള്ളറട പാതയിൽ പളുകലിനു സമീപം പോലീസ് വാഹനപരിശോധന നടത്തുന്നുണ്ട്.