കൃഷിചെയ്യുന്നതിൽ ഭൂരിഭാഗവും പാട്ടത്തിനെടുത്ത ഭൂമിയിൽ

പ്രളയവും കോവിഡ് വ്യാപനവും കർഷകരെ കടക്കെണിയിലാക്കി

സുധീഷ് മോഹൻ

ബാലരാമപുരം

: തലയൽ തോട് ബണ്ട് തകർച്ച കർഷകർക്ക് സമ്മാനിക്കുന്നത് തോരാക്കണ്ണീർ.

ബണ്ട് നന്നാക്കാതെ ഇനി കൃഷിയിറക്കാൻ വയ്യെന്ന് ഇവർ പറയുന്നു. വർഷങ്ങളായി പൊട്ടിക്കിടക്കുന്ന ബണ്ടിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്ക്‌ വെള്ളമെത്താതെയും മഴക്കാലത്ത് പൊട്ടിയ സ്ഥലങ്ങളിലൂടെ വെള്ളം കുത്തിയൊലിച്ചും ക്യഷിയിടങ്ങൾ നശിക്കുന്നത് പതിവാണ്. ജീവിതം വഴിമുട്ടിയെന്നാണ് കർഷകരുടെ പരാതി.

തലയൽ ഏലായിലെ ഏക്കറോളം വരുന്ന ഭൂമി പാട്ടത്തിനെടുത്താണ് പലരും കൃഷി ചെയ്യുന്നത്. ജില്ലയിലെ പ്രധാന കാർഷിക കേന്ദ്രമായ ബാലരാമപുരത്തെ തലയൽ ഏലായിലെ പ്രധാന കൃഷി മരച്ചീനിയും വാഴയുമാണ്. തലമുറകളായി കൃഷിപ്പണി ചെയ്യുന്നവരാണ് ഇവിടെയുള്ളവരിൽ ഭൂരിഭാഗം പേരും. കഴിഞ്ഞ പ്രളയകാലത്ത് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് തലയൽ ഏലായിൽ ഉണ്ടായത്.

തോടിന്റെ ബണ്ട് പലഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. തുടർച്ചയായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മഴയുണ്ടായാൽ പൊട്ടിയ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടാകും.

2017-ൽ തലയൽ തോടിന്റെ ബണ്ട് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത്ഫണ്ട് അനുവദിച്ചതിനെ തുടർന്ന് പ്രാരംഭനടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, ദർഘാസ് നടപടികൾ പൂർത്തീകരിക്കാൻ അന്നത്തെ പഞ്ചായത്ത് ഭരണസമിതിക്കു കഴിഞ്ഞില്ല. അനുവദിച്ച തുകയിൽ ഒന്നും വിനിയോഗിച്ചില്ല. ആ ഫണ്ട് ഉപയോഗിച്ചുതന്നെ ബണ്ട് നവീകരണം ഇനിയും പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കർഷകർ പറയുന്നത്.

14 സെന്റ് വസ്തുവിന് ആറായിരം മുതൽ ഏഴായിരം രൂപവരെയാണ് പാട്ടത്തുകയായി കർഷകൻ ഉടമയ്ക്കു നൽകുന്നത്. കൃഷിയിറക്കുന്നതിനു മുമ്പുതന്നെ പാട്ടത്തുക നൽകുകയും വേണം.

കാർഷികവിളകൾക്ക് നാശം സംഭവിക്കുമ്പോൾ ചിലപ്പോൾ മുടക്കിയ തുകപോലും കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നും ഇവർ പറയുന്നു.

വാഴക്ക്യഷിക്കു നാശം സംഭവിക്കുന്നതിനെ തുടർന്നാണ് കർഷകർ മരച്ചീനിക്കൃഷിയിലേക്കു തിരിഞ്ഞത്. മാസങ്ങൾക്ക് മുമ്പ് മരച്ചീനിയിൽ കണ്ടെത്തിയ അഴുകൽരോഗം മരച്ചീനിക്കൃഷിയെയും നാശത്തിലേക്കു വീഴ്ത്തി. വായ്പയെടുത്ത് ഇപ്പോൾ പലിശപോലും നൽകാനാകാതെ കടക്കെണിയിലേക്ക് കർഷകർ എത്തിനിൽക്കുകയാണ്.