വട്ടിയൂർക്കാവ് : സി-ആപ്റ്റിലെ സൊസൈറ്റി തിരഞ്ഞെടുപ്പിൽ സി.ഐ.ടി.യു. മുന്നണിയെ പരാജയപ്പെടുത്തി ഐ.എൻ.ടി.യു.സി. ഭരണം നിലനിർത്തി. സി-ആപ്റ്റ് ജീവനക്കാർ അംഗങ്ങളായ എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 അംഗ ഭരണസമിതി തിരഞ്ഞെടുപ്പിലാണ് സി.ഐ.ടി.യു. നേതൃത്വത്തിലുള്ള പുരോഗമന സഹകരണ മുന്നണിയും ഐ.എൻ.ടി.യു.സി. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയും മത്സരിച്ചത്.

നിലവിലുണ്ടായിരുന്ന ഭരണസമിതിയിൽ ഐ.എൻ.ടി.യു.സി. മുന്നണിയിലെ എട്ടുപേരും സി.ഐ.ടി.യു. മുന്നണിയിലെ മൂന്നുപേരുമാണ് ഉൾപ്പെട്ടിരുന്നത്. 355 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ഐ.എൻ.ടി.യു.സി. പാനലിലെ പത്തുപേരും സി.ഐ.ടി.യു. പാനലിൽ മത്സരിച്ച ഒരു എ.ഐ.ടി.യു.സി. അംഗവും വിജയിച്ചു.

ഇത്തവണ പ്രാതിനിധ്യം ഒന്നായി കുറയുകയും ഭരണസമിതിയിൽ സി.ഐ.ടി.യു. അംഗം ഇല്ലാതാകുകയും ചെയ്തു. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സൊസൈറ്റിയാണിത്.