പാറശ്ശാല : സംസ്ഥാനാതിർത്തിയിലെ ചെറുറോഡുകൾ തമിഴ്‌നാട് പോലീസ് വേലികെട്ടി അടച്ചതോടെ അതിർത്തി പ്രദേശത്തെ ജീവിതം വീണ്ടും ദുരിതത്തിലാവുന്നു.

കോവിഡിന്റെ രണ്ടാംവരവിന്റെ ഭാഗമായി കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിനാലാണ് തമിഴ്‌നാട് അധികൃതർ ചെറുറോഡുകൾ അടച്ച് പ്രധാന പാതകളിൽ പരിശോധന ശക്തമാക്കിയത്.

വെള്ളിയാഴ്ച രാത്രി മുതലാണ് തമിഴ്‌നാടിനോടു ചേർന്നുള്ള ചെറുപാതകളിൽ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ സാധിക്കാത്തനിലയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പാതകൾ അടച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തിലും ആറുമാസത്തിലധികം സമാനമായനിലയിൽ തമിഴ്‌നാട് അധികൃതർ റോഡുകൾ പൂർണമായും അടച്ചിരുന്നു.

അതിർത്തിപ്രദേശത്ത് താമസിക്കുന്ന പലരുടെയും അടുത്ത ബന്ധുക്കളും മറ്റുള്ളവരും തമിഴ്‌നാട് അതിർത്തിക്കപ്പുറത്താണ് താമസിക്കുന്നത്.

പാറശ്ശാല പ്രദേശത്തെ ജനങ്ങൾ സാധനങ്ങളും പച്ചക്കറികളും വാങ്ങുന്നതിനായി പ്രധാനമായും ആശ്രയിക്കുന്നത് കളിയിക്കാവിള ചന്തയെയാണ്. അതിർത്തി പ്രദേശത്തെ റോഡുകൾ അടച്ചത് ഇത്തരത്തിൽ അതിർത്തി കടന്ന് സാധനങ്ങൾ വാങ്ങുവാൻ എത്തുന്നവർക്ക് തടസ്സമാകുന്നുണ്ട്.

അതിർത്തി പ്രദേശത്തെ ചെറുകിട പച്ചക്കറിക്കടകളും സാധനങ്ങൾ വാങ്ങുന്നതിനായി കളിയിക്കാവിള ചന്തയെയാണ് ആശ്രയിച്ചിരുന്നത്. ഇത് അതിർത്തിയിലെ വ്യാപാരികളെയടക്കം ഏറെ ബാധിക്കും.

തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കാ‌യി ആശ്രയിക്കുന്ന ഒട്ടേറെപ്പേരാണ് അതിർത്തിക്കപ്പുറത്തുള്ളത്.

ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കാ‌യി എത്തുന്ന രോഗികളെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയാണ് തമിഴ്‌നാട് പോലീസിന്റെ നടപടി.

തമിഴ്‌നാടിന്റെ ഭാഗത്തേക്കുള്ള റോഡുകൾ അടയ്ക്കുമ്പോൾ അതുവഴി അതിനപ്പുറത്തുള്ള കേരളത്തിന്റെ ഭാഗത്തേക്ക് എത്തേണ്ടവരുടെ സ്ഥിതി ഏറെ ദയനീയമായി മാറുന്നു.

അതിർത്തി പ്രദേശത്തെ പല റോഡുകളും ഇരു സംസ്ഥാനത്തുംകൂടിയാണ് കടന്നുപോകുന്നത്.

അതിർത്തിയിലെ ഓട്ടോറിക്ഷാ തൊഴിലാളികളെയാണ് ഈ നടപടി ഏറെ ബാധിക്കുന്നത്. ഇത്തരം റോഡുകളിലൂടെയുള്ള സവാരികൾ തമിഴ്‌നാട് പോലീസ് തടയുന്നതോടെ ഇവരുടെ വരുമാനം നിലയ്ക്കുന്ന സ്ഥിതിയാണ്.

തമിഴ്‌നാടിന്റെ റോഡുകൾ സ്പർശിക്കാതെ അതിർത്തിപ്രദേശത്ത് സവാരി ലഭിക്കുന്നത് അപൂർവമാണ്.