മാറനല്ലൂർ : മാറനല്ലൂർ-പുന്നാവൂർ റോഡിൽ സ്ഥിരമായി പൈപ്പ് പൊട്ടുന്നതിനു പരിഹാരമാകുന്നില്ലെന്നു പരാതി. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. സ്ഥിരമായി പൈപ്പ് പൊട്ടുന്നതുകാരണം പലയിടങ്ങളിലും ജലവിതരണവും നടക്കുന്നില്ല.

മാറനല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിനു സമീപവും മലവിള കനാൽ പാലത്തിനു സമീപവും അരുവിക്കരയിലുമാണ് രണ്ടു ദിവസങ്ങൾക്കിടയിൽ പൈപ്പ് പൊട്ടിയത്.

വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പൈപ്പ് മാറ്റിസ്ഥാപിക്കാത്തതാണ് പൈപ്പ് സ്ഥിരമായി പൊട്ടുന്നതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു.

അരുവിക്കരയിൽ രണ്ടു ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയതെന്നു നാട്ടുകാർ പറയുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും നവീകരണജോലികൾ നടത്താൻ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പലയിടത്തും നവീകരണ ജോലികൾ നടത്തുമെങ്കിലും രണ്ടുദിവസങ്ങൾക്കുശേഷം അവിടെ പൈപ്പ് പൊട്ടുമെന്നും നാട്ടുകാർ പറയുന്നു.

മാറനല്ലൂരിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പൈപ്പിലൂടെ ലഭിക്കുന്ന വെള്ളമാണ് നാട്ടുകാരുടെ ഏക ആശ്രയം. എന്നാൽ, സ്ഥിരമായി പൈപ്പ് പലയിടങ്ങളിലായി പൊട്ടുന്നതുകാരണം കുടിവെള്ളവും ഇപ്പോൾ മുടങ്ങുകയാണ്.