തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽനിന്നു സമീപത്തെ കന്യാകുമാരി ജില്ലയിലേക്ക് ഒന്നൊഴികെ എല്ലാ റോഡുകളും തമിഴ്‌നാട് സർക്കാർ അടച്ചു. മറ്റ് അറിയിപ്പുകളോ, കൂടിയാലോചനയോ കൂടാതെ വെള്ളിയാഴ്ച രാത്രി ഏകപക്ഷീയമായാണ് കന്യാകുമാരി ജില്ലാ ഭരണകൂടം റോഡുകൾ അടയ്ക്കാൻ ഉത്തരവിട്ടത്. കേരളത്തിൽ നിന്നു കളിയിക്കാവിളയിലെ പ്രധാന റോഡിലൂടെ മാത്രം തമിഴ്‌നാട്ടിൽ കടന്നാൽ മതിയെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഇവിടെ ഇ-പാസ്, സ്രവപരിശോധന എന്നിവ നടത്താനുമാണ് തീരുമാനം.

പോലീസ്, റവന്യൂ വകുപ്പുകൾക്കാണ് ഇതിനുള്ള ചുമതല. കളിയിക്കാവിള പോലീസ് സ്‌റ്റേഷൻ പരിധിയിലെ മാർക്കറ്റ് റോഡ്, പനങ്കാല റോഡ്, കുളപ്പുറത്തെ കടുവാക്കുഴി, വന്യകോട് എന്നീ റോഡുകൾ, അരുമന പോലീസ് പരിധിയിലെ പുലിയൂർശാല കോ-ഓപ്പറേറ്റീവ് സൊസൈറ്റി റോഡ്, പളുകളിലെ മണലടി, രാമവർമൻചിറ, ഉണ്ടൻകോട് എന്നീ റോഡുകൾ, കൊല്ലങ്കോട് പോലീസിനു കീഴിലെ കച്ചേരിനട, ഫാത്തിമപുരം, പുന്നമൂട്ടുക്കട എന്നീ റോഡുകളുമാണ് അടച്ചത്. ലോക്ഡൗൺ കാലത്ത് മണ്ണുനിറച്ചാണ് റോഡുകൾ അടച്ചിരുന്നത്. ഇപ്പോൾ ആർക്കും കടക്കാനാകാത്ത വിധം ബാരിക്കേഡുകൾ നിരത്തി റോഡ് അടച്ചിട്ടുണ്ട്. ഇവിടെ പോലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

ലോക്ഡൗൺ കാലത്തും ആദ്യഘട്ട ഇളവുകൾ വന്നപ്പോഴും തമിഴ്‌നാടിനൊപ്പം കേരളവും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. എന്നാൽ, ബസ് സർവീസുകൾ ആരംഭിച്ചതോടെ കേരളത്തിൽ നിയന്ത്രണത്തിന് അയവുവന്നു. തമിഴ്‌നാട്ടിൽ രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതും കാരണമായിരുന്നു. എന്നാൽ, കേരളത്തിൽ രോഗം കൂടിയപ്പോൾ അതിർത്തിയിലൂടെ കന്യാകുമാരിയിലേക്ക് അധികംപേർ കടക്കുന്നതിൽ തമിഴ്‌നാട് ആശങ്ക അറിയിച്ചിരുന്നു.

ഇ-പാസും, പരിശോധനയും കർശനമാക്കുമെന്ന് അനൗദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. രണ്ടിടത്തെയും തിരഞ്ഞെടുപ്പ് പ്രചാരണവും അയവിനു കാരണമായിരുന്നു. എന്നാൽ, റോഡുകൾ അടച്ചതിലൂടെ ലോക്ഡൗൺ സമയത്തെ നിയന്ത്രണങ്ങൾക്ക് സമാനമായ യുദ്ധസന്നാഹമാണ് അതിർത്തിയിൽ തമിഴ്‌നാട് ഒരുക്കുന്നത്.

നിയന്ത്രണങ്ങൾ നിലവിലുള്ളേപ്പാഴും ഇരുസംസ്ഥാനങ്ങളിലേക്കും ചരക്കുഗതാഗതം സുഗമമായി നടന്നിരുന്നു. എന്നാൽ, നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന സംസ്ഥാനാന്തര സർവീസുകൾക്ക് തമിഴ്‌നാട് അനുമതി നിഷേധിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ ഗോൾഡൻ സർവീസുകളിലൊന്നാണ് തിരുവനന്തപുരം- നാഗർകോവിൽ റൂട്ട്.

നിയന്ത്രണത്തോടെ ബസ് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് സർക്കാർ തയ്യാറായില്ല. പകരം കളിയിക്കാവിളയ്ക്കു സമീപത്ത് രണ്ടിടത്തും അതിർത്തികളിൽ സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇരുസംസ്ഥാനത്തെയും യാത്രക്കാർ ഒരു കിലോമീറ്ററോളം നടന്നാണ് ഇപ്പോൾ മറുഭാഗത്ത് എത്തുന്നത്.

വീണ്ടും ദുരിതകാലം

പാറശ്ശാല : സംസ്ഥാനാതിർത്തിയിലെ ചെറുറോഡുകൾ തമിഴ്‌നാട് പോലീസ് വേലികെട്ടി അടച്ചതോടെ അതിർത്തി പ്രദേശത്തെ ജീവിതം വീണ്ടും ദുരിതത്തിലാവുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിലും ആറുമാസത്തിലധികം സമാനമായനിലയിൽ തമിഴ്‌നാട് അധികൃതർ റോഡുകൾ പൂർണമായും അടച്ചിരുന്നു.

അതിർത്തിപ്രദേശത്ത് താമസിക്കുന്ന പലരുടെയും അടുത്ത ബന്ധുക്കളും മറ്റുള്ളവരും തമിഴ്‌നാട് അതിർത്തിക്കപ്പുറത്താണ് താമസിക്കുന്നത്. പാറശ്ശാല പ്രദേശത്തെ ജനങ്ങൾ സാധനങ്ങളും പച്ചക്കറികളും വാങ്ങുന്നതിനായി പ്രധാനമായും ആശ്രയിക്കുന്നത് കളിയിക്കാവിള ചന്തയെയാണ്.