കിളിമാനൂർ : സത്യവാങ്‌മൂലമില്ലാതെ ഇരുചക്രവാഹനത്തിൽ പഴം വാങ്ങാനെത്തിയയാളെ പോലീസ് പിടികൂടി തിരിച്ചയച്ചു. കാൽനടയായി വീട്ടിൽ തിരിച്ചെത്തിയയാൾ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഗരൂർ, കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ(56) ആണ് മരിച്ചത്.

നഗരൂർ ആൽത്തറമൂട് ജങ്ഷനിലെ കടയിൽനിന്നു പഴം വാങ്ങി നിൽക്കവേയാണ് നഗരൂർ പോലീസ് സുനിൽകുമാറിനെ പിടികൂടിയത്. നടന്നു വീട്ടിലെത്തിയ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കാരേറ്റെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിഴയടയ്ക്കാനില്ലാത്തതിനാൽ ഇരുചക്രവാഹനം പോലീസ് പിടിച്ചെടുത്തിരുന്നു. ഹൃദയസംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്ന സുനിൽകുമാർ, മരുന്നു വാങ്ങാനായി നഗരൂർ ജങ്ഷനിലെ മെഡിക്കൽ സ്റ്റോറിലേക്കു പോയതാണെന്ന് സുഹൃത്തുക്കൾ പറയുന്നു. സിദ്ധാർത്ഥ് ഏക മകനാണ്.