പാറശ്ശാല : ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്ര കരമന-കളിയിക്കാവിള പാത വഴി മാത്രമാക്കി. അതിർത്തിയിലെ മറ്റു റോഡുകളെല്ലാം ഞായറാഴ്ച രാത്രിയോടെ പോലീസ് പൂർണമായും അടച്ചു. ഇതുവഴി കാൽനട പോലും തിങ്കളാഴ്ച മുതൽ പോലീസ് അനുവദിക്കില്ല.

കരമന-കളിയിക്കാവിള പാതയ്ക്കു സമാന്തരമായുള്ള കളിയിക്കാവിള-ചെറുവാരക്കോണം പാതയും പളുകൽ വഴി പാറശ്ശാലയിലേക്കുള്ള പാതയും പളുകൽ ആലമ്പാറ പാതയും അടച്ചവയിൽപ്പെടുന്നു.

പ്രധാന പാതകൾ കൂടാതെ ജില്ലയിലേക്കു കടക്കാൻ കഴിയുന്ന നിരവധി ചെറുറോഡുകളാണ് അതിർത്തിയോടു ചേർന്നുള്ളത്. റോഡുകൾ പൂർണമായും അടയ്ക്കുകയെന്നുള്ളത് പോലീസിനു വെല്ലുവിളിയുയർത്തുന്നുണ്ട്.

അതിർത്തിയോടു ചേർന്നുള്ള റോഡുകൾ അടയ്ക്കുന്നതിനാവശ്യമായ ബാരിക്കേഡുകൾ ലഭിക്കുന്നില്ല. ബൈപ്പാസ് നിർമാണത്തിനായി ഉപയോഗിക്കുന്ന ബാരിക്കേഡുകൾ നിർമാണ കമ്പനികളിൽനിന്നു ശേഖരിച്ച് റോഡുകൾ പൂർണമായും അടയ്ക്കാനുള്ള ശ്രമമാണ് പോലീസ് ഞായറാഴ്ച രാത്രിയും നടത്തിവരുന്നത്. ബാരിക്കേഡുകൾ സ്ഥാപിക്കുന്നയിടങ്ങളിൽ പോലീസ് പിക്കറ്റും ഏർപ്പെടുത്തുന്നുണ്ട്.

കരമന-കളിയിക്കാവിള പാതയിൽ സംസ്ഥാനാതിർത്തിയായ ഇഞ്ചിവിളയിൽ കർശന പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ കടത്തിവിടുകയുള്ളൂ. ഇ-പാസ്‌ ഇല്ലാത്ത ഒരു വാഹനവും സംസ്ഥാനത്തേക്കു കടത്തിവിടില്ല.