നാട്ടിൻപുറങ്ങളിൽ വ്യാജമദ്യം സുലഭം

കർണാടകയിൽ നിന്നെത്തിക്കുന്നുവെന്ന് പ്രചരിപ്പിച്ചും മദ്യവിൽപ്പന

പാറശ്ശാല : ലോക്ഡൗൺ നീട്ടിയതിനു പിന്നാലെ അതിർത്തിപ്രദേശം കേന്ദ്രീകരിച്ച് വാറ്റുചാരായവും കർണാടക മദ്യവും വ്യാപകമായി വിറ്റഴിക്കുന്നു. കർണാടക മദ്യമെന്ന പേരിൽ വിറ്റഴിക്കുന്നത് വ്യാജമദ്യമാണെന്ന സംശയം ഉയരുന്നുണ്ട്.

സംസ്ഥാനാതിർത്തി പ്രദേശത്തെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റുചാരായത്തിന്റെ വിൽപ്പന പൊടിപൊടിക്കുന്നത്. 750 മില്ലി വാറ്റ് ചാരായം ആയിരം രൂപ മുതൽ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.

കോവിഡിന്റെ വ്യാപനം രൂക്ഷമായ ആദ്യ ഘട്ടത്തിൽ തന്നെ ലോക്ഡൗൺ മുന്നിൽക്കണ്ട് വ്യാജമദ്യനിർമാണം തുടങ്ങിയെന്നാണ് സൂചന.

ഈസ്റ്റും പഞ്ചസാരയും വ്യാപകമായി കടകളിൽനിന്നു വിറ്റുപോയിരുന്നു.

പാറശ്ശാലയ്ക്കു സമീപം നെടുവാൻവിള, കൊടവിളാകം, പളുകൽ, ഇഞ്ചിവിള, പുത്തൻകട, കടയിവിള, കുറുങ്കൂട്ടി, കുഴിഞ്ഞാൻവിള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വൻതോതിൽ വ്യാജമദ്യ വിൽപ്പന നടക്കുന്നത്.

സ്ഥിരം ഉപഭോക്താക്കൾക്കും വിൽപ്പനക്കാർക്ക് വ്യക്തമായ പരിചയമുള്ളവർക്കും മാത്രമാണ് ഇവർ മദ്യം നൽകുന്നത്.

ആവശ്യക്കാർക്ക് സ്‌കൂട്ടറുകളിൽ ഇടറോഡുകളിലൂടെ സ്ഥലത്ത് എത്തിച്ച് നൽകുന്ന സംഘവുമുണ്ട്.

ഫോൺ വഴി ആവശ്യപ്പെടുന്നവർക്കും ഈ സംഘം എത്തിച്ചു നൽകുന്നുണ്ട്.

സംസ്ഥാന അതിർത്തിയോടു ചേർന്നുള്ള തമിഴ്‌നാടിന്റെ മേഖലയിലാണ് കൂടുതലും ചാരായം വാറ്റുന്നത്. ഇതിനോടൊപ്പം സ്പിരിറ്റ് നേർപ്പിച്ചും ചാരായമെന്ന പേരിൽ വിറ്റഴിക്കുന്ന സംഘങ്ങളും അതിർത്തി പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

സ്പിരിറ്റ് കേസുകളിൽ മുൻകാലങ്ങളിൽ പ്രതികളായിട്ടുള്ളവരാണ് ഇത്തരത്തിൽ സ്പിരിറ്റ് നേർപ്പിച്ച് വിൽപ്പന നടത്തിവരുന്നത്. കർണാടകയിൽ മാത്രം വിൽപ്പനയ്ക്ക്‌ എന്ന് ലേബലിൽ രേഖപ്പെടുത്തിയിട്ടുള്ള മദ്യവും ഇവിടെ വിൽപ്പനയ്ക്കുണ്ട്.

150 മില്ലി കർണാടകമദ്യത്തിന് 250 രൂപ വരെയയാണ് ഈ സംഘം ഈടാക്കുന്നത്.

കേരളാ-തമിഴ്‌നാട് അതിർത്തിയിൽപ്പെട്ട ഇരുസംസ്ഥാനത്തും ബന്ധങ്ങളുള്ള കേരളത്തിലെ പഴയ സ്പിരിറ്റ് കേസിലെ പ്രതിയുടെ നേതൃത്വത്തിലാണ് കർണാടകമദ്യം വിറ്റഴിക്കുന്നത്.

പച്ചക്കറി വാഹനത്തിൽ കർണാടകയിൽനിന്ന് എത്തിച്ച് അതിർത്തി പ്രദേശത്ത് ശേഖരിച്ചിരിക്കുന്ന മദ്യമാണിതെന്നാണ് ഈ സംഘം പ്രചരിപ്പിക്കുന്നത്. ഇത് വ്യാജ വിദേശമദ്യമാണോയെന്ന സംശയമാണ് ഉയരുന്നത്.

ബാംഗ്ലൂർ വിസ്‌കി, ബാംഗ്ലൂർ റം എന്ന പേരുകളിലുള്ളവയാണ് ഇവിടെ വിറ്റഴിക്കുന്നത്.

തമിഴ്‌നാട് അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇത്തരത്തിൽ വ്യാജ വിദേശമദ്യം നിർമിച്ചുനൽകുന്ന സംഘങ്ങൾ സജീവമാണ്.