കാട്ടാക്കട

: അഗസ്ത്യവനത്തിനുള്ളിലെ ആദിവാസികൾ ഉൾപ്പെടെ ദിവസം 250നു മുകളിൽ കോവിഡ് രോഗികൾ. നാട്ടിലും കാട്ടിലും എല്ലാ വിഭാഗം ജനങ്ങളും ഒരേപോലെ രോഗഭീതിയിൽ. ഈ അവസ്ഥയിൽനിന്നും രോഗികളുടെ എണ്ണം വിരലിലെണ്ണാനാവും വിധത്തിലേക്ക്‌ എത്തിച്ച് കുറ്റിച്ചൽ, കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തുകൾ ശ്രദ്ധനേടുന്നു. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറഞ്ഞ പഞ്ചായത്താണ് നിലവിൽ കുറ്റിച്ചൽ(3.22ശതമാനം). തൊട്ടടുത്ത പഞ്ചായത്തായ കള്ളിക്കാടും രോഗവ്യാപനം കുറവാണ് 8.62 ശതമാനമാണ് ഇവിടത്തെ ടി.പി.ആർ.

കൂട്ടപരിശോധനയും കൃത്യമായ പരിചരണവും കർശനമായ നിയന്ത്രണങ്ങളും ചേർന്നപ്പോഴാണ് ഈ വിജയത്തിലേക്ക്‌ എത്തിപ്പെടാനായതെന്ന് പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോയ് ജോൺ പറഞ്ഞു. ഒരു ഘട്ടത്തിൽ ജില്ലയിൽ ദിവസവും ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പഞ്ചായത്താണ് കുറ്റിച്ചൽ. 'രോഗമില്ലെന്ന് കരുതുന്നവരെ ഉൾപ്പെടെ പരിശോധിച്ച് രോഗം കൃത്യസമയത്ത് കണ്ടുപിടിക്കുന്നു, പടരാതെ സൂക്ഷിക്കുന്നു, ഒപ്പം കൃത്യമായ പരിചരണവും ചേരുമ്പോൾ ഗുണഫലം കിട്ടുന്നു' ഇതാണ് മാതൃക. 1206 കേസുകളാണ് രണ്ടാംതരംഗത്തിൽ ഇവിടെ റിപ്പോർട്ട് ചെയ്തത്. 18 പേർ മരിച്ചു. 47 പേർ ചികിത്സയിലുണ്ട്. ഇപ്പോൾ കഴിഞ്ഞ പത്തുദിവസമായി പുതിയ രോഗികളില്ല. ആദിവാസി ഊരുകളിൽ ഡോക്ടർ ഉൾപ്പെടുന്ന സംഘം എത്തി വാക്സിനേഷൻ തുടരുന്നു.

കള്ളിക്കാട് പഞ്ചായത്തിലും സമാനരീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. എല്ലാ ദിവസവും പരിശോധന എന്നതായിരുന്നു ഇവിടെ മുൻഗണന. 'പരമാവധിപേരെ പരിശോധിക്കുക. കൂടുതൽ രോഗസ്ഥിരീകരണം നടത്തുക. കൂടുതൽ പേരെ പരിചരിക്കുക' ഇതായിരുന്നു രീതി. അത് വിജയം കണ്ടതായി കള്ളിക്കാട് ന്യൂ കുടുംബാരോഗ്യകേന്ദ്രം മെഡിക്കലോഫീസർ ഡോ. അജോഷ് തമ്പി പറഞ്ഞു. രണ്ടാം തരംഗത്തിൽ 1554 പേർക്കാണ്‌ രോഗം ബാധിച്ചത്. 20 പേർ മരിച്ചു. നിലവിൽ 24 പേർ മാത്രമാണ് ചികിത്സയിലുള്ളത്. പരിശോധനയും നിരീക്ഷണവും കാര്യക്ഷമമാക്കി

പരിശോധനയും നിരീക്ഷണവും കാര്യക്ഷമമാക്കിയതും രോഗബാധിതരെ ഉടൻ ഐസൊലേഷനിലേക്കു മാറ്റിയതുമാണ് രോഗവ്യാപനം നിയന്ത്രിച്ചത്. പോലീസിന്റെ സഹകരണവും ശ്ലാഘനീയമാണ്.

ജി.മണികണ്ഠൻ,

കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ്. ഒത്തുചേർന്ന പ്രവർത്തനത്തിന്റെ വിജയം

എല്ലാ വിഭാഗവും ഒത്തുചേർന്ന പ്രവർത്തനമാണ് വിജയം കാണുന്നത്. ഇത് തുടരും. ആർ.ആർ.ടി., ആശാവർക്കർമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്.

പന്ത ശ്രീകുമാർ

കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ്