തിരുവനന്തപുരം : ചാക്കയിൽ കോർപ്പറേഷന്റെ അജൈവ മാലിന്യശേഖരണ കേന്ദ്രത്തിന്(ആർ.ആർ.സി.) തീപിടിച്ചു. ചാക്ക പാലത്തിനു സമീപം പ്രവർത്തിച്ചിരുന്ന ശേഖരണകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് തീ കണ്ടത്.

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ വേർതിരിച്ച് സൂക്ഷിച്ചിരുന്നത്. മാലിന്യവും കെട്ടിടത്തിന്റെ മേൽക്കൂരയും അടക്കം കത്തിനശിച്ചു. ഒരു മണിക്കൂറോളം എടുത്താണ് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ ചേർന്ന് തീയണച്ചത്. പെെട്ടന്ന് കത്തുന്ന തരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് തീയണയ്‌ക്കാൻ കൂടുതൽ സമയം വേണ്ടിവന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ഷാജി, സീനിയർ ഫയർ ഓഫീസർ കെ.ജി.സുരേഷ് എന്നിവർ നേതൃത്വം നൽകി.