ആറുമാസത്തിനുളളിൽ പുതിയപാലം നിർമ്മിക്കുമെന്ന മന്ത്രിയുടെ വാഗ്ദാനവും പാഴായി

തിരുവല്ലം : തിരുവല്ലം ബൈപ്പാസ് ജങ്ഷനിൽ ആറിന് കുറുകെ ദേശീയപാത അതോറിറ്റി നിർമ്മിക്കുമെന്ന് അറിയിച്ചിരുന്ന പാലമുൾപ്പെട്ട സർവ്വീസ് റോഡ് പദ്ധതി എങ്ങുമെത്തിയില്ല.

അപകടങ്ങൾ നിത്യസംഭവമായതിനെ തുടർന്ന് റോഡ് സേഫ്റ്റി അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി ജി.സുധാകരൻ സ്ഥലം സന്ദർശിച്ചിരുന്നു. അപകടമൊഴിവാക്കുന്നതിന് പുതിയ പാലവും അനുബന്ധ സർവ്വീസ്‌റോഡും നടപ്പാതയും ആറുമാസത്തിനുളളിൽ നടപ്പിലാക്കുമെന്ന് അന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിരുന്നു. പുതിയ രൂപരേഖയനുസരിച്ച് സ്ഥലമേറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. മന്ത്രിയ്‌ക്കൊപ്പം ദേശീയപാതയുടെ കേരളാ റീജിണൽ ഓഫീസർ ബി.എൽ.മീണ, സേഫ്റ്റി ഓഫീസർ വിപിൻ മധു, കൺസൾട്ടന്റ് ജോസഫ് മാത്യു അടക്കമുളള സംഘമാണ് പുതിയപാലത്തിന്റെ രൂപരേഖ മന്ത്രിയ്ക്ക് കാണിച്ച് കൊടുത്തത്. എന്നാൽ ഇതുവരെയും തുടർ നടപടികളായില്ല.

തിരുവല്ലം ജങ്ഷനിലുളള നിലവിലെ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ പാലം പൊളിച്ചശേഷം 110-മീറ്റർ നീളവും 12-മീറ്റർ വീതിയുമുളള പുതിയപാലമാണ് തിരുവല്ലം ആറിന് കുറുകെ നിർമ്മിക്കുക. അപകടനിരക്ക് കൂടുന്നതിനാൽ പാലംപണി വേഗമാരംഭിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വെള്ളായണി-വെങ്ങാനൂർ-പാച്ചല്ലുർ-കരുമം എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ലം ജങ്ഷനിലെത്തി ബൈപ്പാസിലുടെയാണ് അമ്പലത്തറ ഭാഗത്തേക്ക് ഇപ്പോഴും പോകുന്നത്. രണ്ട് വരിപാതയായ റോഡിൽ ഇരുഭാഗത്ത് നിന്നുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നുപോകുമ്പോഴുണ്ടാകുന്ന കൂട്ടിയിടിയിലാണ് ഈ റൂട്ടിൽ അപകടമുണ്ടാകുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും അപകടമരണങ്ങൾ കുറയ്ക്കുന്നതിനും അടിയന്തരമായി നിർദ്ദേശിക്കപ്പെട്ട സർവ്വീസ് റോഡുൾപ്പെട്ട പാലം നിർമ്മിക്കണമെന്നാണ് ആവശ്യം.