പോത്തൻകോട്

: ഹോർട്ടികോർപ്പിന്റെ പച്ചറിക്കടയ്ക്കായി കെ.എസ്.ആർ.ടി.സി. ബസ് രൂപം മാറ്റി. പക്ഷേ, കട പ്രവർത്തനം തുടങ്ങിയില്ല. കണിയാപുരം ഡിപ്പോയ്‌ക്കു മുന്നിലാണ് ഹോർട്ടികോർപ്പിന്റെ സ്റ്റാളിനായി ബസ് ഒരുക്കിയിട്ടിരിക്കുന്നത്.

ഉപയോഗക്ഷമമല്ലാത്ത കെ.എസ്.ആർ.ടി.സി. ബസുകൾ രൂപമാറ്റം വരുത്തിയാണ് ഹോർട്ടികോർപ്പിന്റെ സ്റ്റാളുകൾക്കായി നല്കുന്നത്. രണ്ടുലക്ഷം ചെലവിട്ടാണ് ബസിന് രൂപമാറ്റം വരുത്തിയിട്ടുള്ളത്. ഏഴുമാസം മുമ്പാണ് ബസിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേക്കും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നടപടികൾ നീണ്ടു. രൂപമാറ്റം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും സ്റ്റാൾ തുടങ്ങാൻ അധികൃതർ തയ്യാറായിട്ടില്ല.

പച്ചക്കറികൾ സൂക്ഷിക്കുന്നതിനും വ്യാപാരത്തിനായി നിരത്തിവയ്ക്കുന്നതിനും വേണ്ട സംവിധാനങ്ങളാണ് ബസിനുള്ളിൽ ഒരുക്കിയിട്ടുള്ളത്. പുറത്ത് ചിത്രങ്ങളുൾപ്പെടെയുള്ള പെയിന്റിങ്ങും പൂർത്തിയായിട്ടുണ്ട്. ഹോർട്ടികോർപ്പിന്റെ സ്റ്റാൾ തുടങ്ങിയാൽ വിഷരഹിതമായ പച്ചക്കറി ന്യായവിലയ്ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ധാരാളം യാത്രക്കാർ വന്നുപോകുന്ന കേന്ദ്രമായതിനാൽ ഹോർട്ടികോർപ്പിനും നല്ല നേട്ടമുണ്ടാക്കാൻ പറ്റിയ സ്ഥലമാണിത്. ലക്ഷങ്ങൾ മുടക്കി സ്റ്റാളൊരുക്കിയിട്ട് പ്രവർത്തനം തുടങ്ങാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കണിയാപുരത്ത് ഒരുക്കിയിട്ടുള്ള സ്റ്റാളിൽ കുറച്ചു പണികൾ കൂടി അവശേഷിക്കുന്നുണ്ടെന്നും. നിർമാണപ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിരുന്ന ഏജൻസി കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ പണി നിർത്തിവെച്ചതാണ് താമസിക്കാൻ ഇടയായതെന്നും ഹോർട്ടികോർപ്പ് അധികൃതർ പറഞ്ഞു. നിർമാണം പൂർത്തിയാക്കി ഉടൻ സ്റ്റാൾ ആരംഭിക്കുമെന്നും പറഞ്ഞു.ഉടൻ തുടങ്ങണം

കണിയാപുരം ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്ന പച്ചക്കറിക്കടയുടെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളെടുക്കണം. പഞ്ചായത്തധികൃതരും വിഷയത്തിൽ ഇടപെടണം.

എ.എസ്.വിജയകുമാർ,

അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്തംഗം.