നെടുമങ്ങാട്: ഭക്ഷ്യഭദ്രതാ നിയമം നടപ്പായതോടെ സംസ്ഥാനത്ത് റേഷൻകാർഡിലെ മുൻഗണനപ്പട്ടികയിൽനിന്ന് ഇതുവരെ ആറു ലക്ഷത്തിലധികം കാർഡുടമകൾ പുറത്തായി. റേഷൻകാർഡുകൾ ഏതാണ്ട് പൂർണമായും ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ കൂടുതൽ ആളുകൾ പുറത്താകും. മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാതിരുന്ന 52,139 കാർഡുടമകളെക്കൂടി കണ്ടെത്തി മുൻഗണനപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 4,181 നീല കാർഡുടമകളെ വെള്ള കാർഡിലേക്കു മാറ്റുകയും ചെയ്തു. മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നു കാട്ടി ലഭിച്ചിട്ടുള്ള 43,615 അപേക്ഷകൾ പരിശോധിച്ചുവരികയുമാണ്.

ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്ത മുഴുവൻ മുൻഗണനാ കാർഡുകളും പ്രത്യേകമായി പരിശോധിച്ച് അർഹത ഉറപ്പുവരുത്താനും വകുപ്പുതല നടപടികൾ തുടങ്ങിക്കഴിഞ്ഞു. 11,587 മഞ്ഞ കാർഡുകൾ ഒഴിവാക്കപ്പെട്ടു. രണ്ടാമതുള്ള പിങ്ക് കാർഡ്‌ വിഭാഗത്തിൽനിന്ന് 74,624 കാർഡുകളും സറണ്ടർ ചെയ്തു. എറണാകുളം ജില്ലയിൽനിന്നാണ് ഏറ്റവുമധികം ആളുകൾ പുറത്തായത് 7,318. തൊട്ടുപിന്നിൽ തിരുവനന്തപുരമാണുള്ളത് 7,284 പേർ.