പൂജപ്പുര : ലക്ഷം രൂപയും 30 പവൻ സ്വർണവും വഴിയിൽനിന്നും കിട്ടിയപ്പോൾ അതു നഷ്ടപ്പെട്ട ഉടമയുടെ വിഷമത്തെക്കുറിച്ചാണ് ആനന്ദ് ആദ്യം ഓർത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. പണവും സ്വർണവും ഉടമയെ ഏൽപ്പിച്ചപ്പോൾ, മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരുടെ കൂട്ടത്തിൽ ആനന്ദിനും ഇരിപ്പിടമൊരുങ്ങി.

തൃക്കണ്ണാപുരം സ്വദേശിനി അഞ്ജുവിന്‍റെ വിവാഹ ആവശ്യത്തിനുള്ള സ്വർണവും പണവുമാണ് സ്കൂട്ടറിൽ നിന്നും നഷ്ടമായത്. സ്കൂട്ടറിന്റെ മുൻവശത്ത് കവറിനകത്ത് സൂക്ഷിച്ചിരുന്ന പെട്ടി തിരുമല-കുന്നപ്പുഴ റോഡിൽ വച്ച് നഷ്ടപ്പെട്ടു. റോഡിൽ കിടന്ന പെട്ടി പുത്തൻകടയിലെ വർക് ഷോപ്പ് ജീവനക്കാരനായ ആനന്ദിനാണ് കിട്ടിയത്. കവറിനകത്ത് അഞ്ജുവിന്റെ മൊബൈൽ നമ്പർ കണ്ടെത്തിയ ആനന്ദ് വിളിച്ച് കാര്യം പറയുകയായിരുന്നു.