ആര്യനാട് : തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് ഡോ.സുനിൽ കേശവദത്ത്, പ്രൊഫ. ലീലാ മനോജ് എന്നിവർ നേതൃത്വം നൽകി. ആര്യനാട് അയ്യൻകാലാ മഠം ഭഗവതിക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രൊഫ. ഉത്തരംകോട് ശശി, ക്ഷേത്രമേൽശാന്തി ഗുരുപ്രസാദ് ഭട്ട് എന്നിവർ നേതൃത്വം നൽകി. ആര്യനാട് എസ്.എൻ.ഡി.പി. യോഗം കോട്ടയ്ക്കകം ശാഖയിലെ ഗുരുദേവ സരസ്വതിക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു. ഉഴമലയ്ക്കൽ ലക്ഷ്മിമംഗലം ദേവിക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾക്ക് മേൽശാന്തി സീബിഷ് കാർമ്മികത്വം വഹിച്ചു.

ആര്യനാട് കണിയാകുഴി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് ഡോ.സുനിൽ കേശവദത്ത് നേതൃത്വം നൽകി. പുതുക്കുളങ്ങര ഭദ്രകാളി ക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി വാസുദേവൻ പോറ്റി കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. ഇറവൂർ വലിയകളം തമ്പുരാൻ ക്ഷേത്രത്തിൽ ക്ഷേത്രമേൽശാന്തി ശ്രീധരൻ പോറ്റി കുട്ടികളെ എഴുത്തിനിരുത്തി. ദേവിയാരുകുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് മുട്ടാർ നേതൃത്വം നൽകി. നെടുമങ്ങാട് : ഒൻപതു ദിവസം നീണ്ട നവരാത്രിയാഘോഷങ്ങൾക്കൊടുവിൽ വിജയദശമിദിനത്തിൽ വിദ്യാദേവതയായ സരസ്വതിക്കു മുന്നിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ആനാട് പാറക്കൽ മണ്ഡപം ക്ഷേത്രത്തിൽ നടന്ന വിജയദശമി ഉത്സവത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് വിജയൻ നായർ കുട്ടികളെ ഹരിശ്രീ എഴുതിച്ചു.

കരകുളം പതിയനാട് ഭദ്രകാളിക്ഷേത്രത്തിൽ നടന്ന നവരാത്രി ഉത്സവത്തിൽ ആചാര്യൻ വെങ്ങാനൂർ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. ബൊമ്മക്കൊലു ഉത്സവം ഭക്തിനിർഭരമായി. കരിമ്പിക്കാവ് ധർമശാസ്താ ക്ഷേത്രവും ജ്യോതിർഗമയാ സ്കൂളും ചേർന്നൊരുക്കിയ നവരാത്രി ഉത്സവത്തിൽ എഴുത്തുകാരി അനിതാ ഹരി കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു.

പച്ച നെടുംപറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി ബിജു എസ്.ഭട്ടതിരി കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. പാലോട് സത്രക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മുൻ പ്രഥമാധ്യാപിക ലളിത, റിട്ട. അധ്യാപിക ടി.എസ്.ചിത്ര എന്നിവർ നേതൃത്വം നൽകി. പനവൂർ വെള്ളാഞ്ചിറ ധർമശാസ്താക്ഷേത്രത്തിലെ വിദ്യാരംഭത്തിന് എൻ.രതീഷ് പോറ്റി നേതൃത്വം നൽകി.

നെടുമങ്ങാട് ചെല്ലാംകോട് പുതുമംഗലം ദേവീക്ഷേത്രത്തിൽ ബി.ചക്രപാണി കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു. നെടുമങ്ങാട് മേലാംകോട് ദേവീക്ഷേത്രത്തിൽ ആർ.വിഷ്ണു പോറ്റി വിദ്യാരംഭത്തിനു നേതൃത്വം നൽകി. നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ചേന്നമന പ്രശാന്തിന്റെ നേതൃത്വത്തിൽ വിദ്യാരംഭം നടന്നു.

ആനാട് ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ വിജയദശമിയാഘോഷം തുലാഭാരം, ബാലസരസ്വതി പൂജ, വിദ്യാരംഭം എന്നീ ചടങ്ങുകളോടെ നടന്നു. ആനാട് ശശിധരൻനായർ കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു. ക്ഷേത്രം മേൽശാന്തി സതീഷ് ചന്ദ്രൻ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ആര്യനാട്

നെടുമങ്ങാട്വെഞ്ഞാറമൂട് : വേങ്കമല ഭഗവതി ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങിൽ പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്, മേൽശാന്തി സോമൻ കാണി, ശാന്തി ആദർശ് വേങ്കമല, പുലിപ്പാറ ബിജു, അജിത് കുമാർ, എന്നിവർ കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു. ചുള്ളാളം ആയിരവില്ലി ക്ഷേത്രത്തിൽ മേൽശാന്തി ഈശ്വരൻ പോറ്റി കാർമികത്വം വഹിച്ചു. മംഗലത്തുനട ജ്യോതിർപ്രഭാ വായനശാലയിൽ അധ്യാപകനായ കെ.ഗോപകുമാർ ആദ്യക്ഷരമെഴുതിച്ചു. രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയിൽ കെ.എസ്.ഗീത വിദ്യാരംഭം കുറിച്ചു. മാണിക്കോട് ശിവക്ഷേത്രത്തിൽ രാധാകൃഷ്ണൻ പോറ്റി വിദ്യാരംഭത്തിന് കാർമികത്വം നൽകി.

വിതുര : വിതുര മഹാദേവർ ദേവീക്ഷേത്രത്തിൽ മേൽശാന്തി പാർത്ഥസാരഥി നമ്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. ചെറ്റച്ചൽ മേലാംകോട് ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി സരീഷ് പോറ്റി കാർമികത്വം വഹിച്ചു. ചായം ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി എസ്.ശംഭുപോറ്റി കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. ചായം അരുവിക്കരമൂല ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിതുര ഹൈസ്കൂൾ റിട്ട. പ്രിൻസിപ്പൽ പത്മകുമാരി കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു. ട്രസ്റ്റ് പ്രസിഡൻറ് കെ.അപ്പുക്കുട്ടൻനായർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കുളമാൻകോട് മഹാദേവ ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങുകൾക്ക് റിട്ട. അധ്യാപിക രാധമ്മ, മേൽശാന്തി അനന്തു പോറ്റി എന്നിവർ നേതൃത്വം നൽകി. വിതുര എം.ജി.എം. പൊന്മുടിവാലി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക നയന നായർ ആദ്യക്ഷരം പകർന്നു. മരുതുംമൂട് സ്വദേശാഭിമാനി വായനശാലയിൽ നടന്ന വിജയദശമി ആഘോഷങ്ങൾക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, വായനശാലാ പ്രസിഡൻറ് ടി.വി.രാമചന്ദ്രൻനായർ എന്നിവർ നേതൃത്വം നൽകി.

വെള്ളനാട് : വിജയദശമിദിനത്തിൽ ഗ്രാമീണ മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. വെള്ളനാട്‌ ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി മൂടാമ്പാടി കണ്ണൻപോറ്റി ആദ്യക്ഷരമെഴുതിച്ചു. പ്രസിഡൻറ് ജനാർദനൻ നായർ, സെക്രട്ടറി എം.സുകുമാരൻ നായർ എന്നിവർ നേതൃത്വം നൽകി. ചാങ്ങ ഭദ്രകാളി ക്ഷേത്രത്തിൽ മേൽശാന്തി എം.ദാമോദരശർമയുടെ കാർമികത്വത്തിൽ എം.ജി.കോളേജ് റിട്ട. പ്രിൻസിപ്പൽ മൃദുല ബി.നായർ, റിട്ട. പ്രഥമാധ്യാപകൻ വി.കൃഷ്ണൻകുട്ടിനായർ എന്നിവർ കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു. വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി വൈക്കം വെങ്കിടേശ്വരൻ പോറ്റിയും കുളക്കോട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി മാധവൻ പോറ്റിയും കുരുന്നുകളെ എഴുത്തിനിരുത്തി.

കാട്ടാക്കട : തൂങ്ങാംപാറ ഇറയാംകോട് മഹാദേവർ ക്ഷേത്രത്തിൽ ക്ഷേത്രംതന്ത്രി മഹാദേവൻ പോറ്റി, മേൽശാന്തി എൻ.ദാമോദരൻ പോറ്റി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റിട്ട. അധ്യാപിക അംബിക കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. കോട്ടൂർ കളത്തിൽ ചാമുണ്ഡി ക്ഷേത്രത്തിൽ പട്ടകുളം പി.ടി. ശങ്കരനാരായണൻ പോറ്റി വിദ്യാരംഭം നടത്തി. ഇളവൻകോണം യക്ഷിയമ്മൻ ആൽത്തറ ദേവി ക്ഷേത്രത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഡോ. പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. അക്ഷരസദസ്സ് ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അധ്യക്ഷനായി.

മുഴവ൯കോട് എ൯.എസ്.എസ്. കരയോഗം വിജയദശമി ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു. കാട്ടാക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ കുമാ൪ ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. കാട്ടാക്കട അനിൽ അധ്യക്ഷനായി.